കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് 5 പേർക്ക് പരുക്ക്

Mail This Article
കിഴക്കഞ്ചേരി ∙ കുണ്ടുകാട്-ചിറ്റടി റോഡിൽ കാട്ടുപന്നി ഇടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ യാത്രക്കാരായ അഞ്ചുപേർക്ക് പരുക്ക്. എളവമ്പാടം സ്വദേശികളായ എൽഐസി ഏജന്റ് കലാധരൻ (50), ഭാര്യ കണ്ണമ്പ്ര പഞ്ചായത്തിലെ യുഡി ക്ലാർക്ക് സുനിത (45), കലാധരന്റെ ജേഷ്ഠന്റെ ഭാര്യ ഷൈലജ (60), ഓട്ടോ ഡ്രൈവർ സതീഷ് (45), ഭാര്യ അമൃത (41) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ചിറ്റടിയിലെ മരണവീട്ടിലേക്ക് പോയ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയിൽ എളവം പാടം റബർ ഉൽപാദക സംഘം ഓഫിസിന്റെ സമീപത്ത് റോഡിന് കുറുകെ വന്ന കാട്ടുപന്നി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികളും മറ്റു വാഹന യാത്രക്കാരുമാണ് ഓട്ടോയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. സുനിതയ്ക്ക് സാരമായ പരുക്കുണ്ട്. ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്.