ഓൺലൈൻ വായ്‌പ തട്ടിപ്പ്: ഒരു കുടുംബത്തിലെ 3 പേർ ജീവനൊടുക്കാൻ ശ്രമിച്ചു

Mail This Article
തിരുപ്പൂർ∙ പല്ലടം കരടിവാവിയിൽ ഓൺലൈൻ വായ്‌പ തട്ടിപ്പിനിരയായ കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചത് പ്രദേശത്തെ ആശങ്കയിലാക്കി. രാജീവ് (28), ഭാര്യ വിജി (26), മകൻ വിൻസിലിൻ (6) എന്നിവരെ വീടിനടുത്ത് ബോധരഹിതരായ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് പല്ലടം സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രാജീവ് മുൻകൂറായി ചെറിയ തുക അടച്ചു വലിയ തുക വായ്‌പ വാഗ്‌ദാനം ചെയ്യുന്ന ഓൺലൈൻ വായ്‌പക്കായി സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയ 40000 രൂപ അടച്ചിരുന്നെങ്കിലും വഞ്ചിക്കപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ നൽകിയ പണം തിരികെ ചോദിച്ചതോടെ പ്രതിസന്ധിയിലായ കുടുംബം വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ അന്വേഷണം നടന്നു വരികയാണ്.