സിപിഎം കണക്ക് പാലക്കാട്ട് പാളി; ആലത്തൂരിൽ ഒത്തു
Mail This Article
പാലക്കാട്∙ പ്രചാരണത്തിന്റെ പാതിവഴിയിൽ സുരക്ഷിതമണ്ഡലമെന്നു വിലയിരുത്തിയ പാലക്കാട്ട് സിപിഎമ്മിന്റെ സംഘടനാതല വോട്ടുകണക്കു വീണ്ടും പാടേ തെറ്റി. പഴുതടച്ചു നടത്തിയ നീക്കങ്ങളും കാച്ചിക്കുറുക്കിയ കണക്കും കടന്നു യുഡിഎഫ് വലിയ ഭൂരിപക്ഷം നേടിയതിനു പ്രധാന കാരണം ഭരണത്തിനെതിരെയുള്ള വികാരമാണെന്നും അതു വിലയിരുത്തുന്നതിൽ നേതൃത്വത്തിനു പാളിച്ചപറ്റിയെന്നും അണികളിൽ നിന്നു തന്നെ വിമർശനം ഉയർന്നുകഴിഞ്ഞു.ആലത്തൂരിൽ കെ. രാധാകൃഷ്ണന്റെ വിജയം പാർട്ടിയുടെ വോട്ടുകണക്കിനോട് ഏതാണ്ട് ഒത്തതിൽ നേതൃത്വത്തിന് ആശ്വസിക്കാൻ വകയുണ്ട്. 1,17,000 വോട്ട് ഭൂരിപക്ഷം എന്നായിരുന്നു ആദ്യകണക്ക്.
അതു പാർട്ടിയും മുന്നണിയും അംഗീകരിച്ചില്ല. പിന്നീടുള്ള വിലയിരുത്തലിൽ അത് 20,000 മുതൽ 25,000 വരെയായി കുറഞ്ഞു. 60,000 വരെ എത്താനുള്ള സാധ്യതയും ചർച്ചയിൽ വന്നു. നിയോജകമണ്ഡലങ്ങളിൽ ആലത്തൂർ 20,000, തരൂർ 15,000, ചിറ്റൂർ 20,000 വരെ, നെന്മാറ 22,000 വരെ ചേലക്കര 19,000, വടക്കഞ്ചേരി 15,000, കുന്നംകുളം 8000, നെന്മാറ–20,000 എന്നാണു ഭൂരിപക്ഷം കണക്കുകൂട്ടിയത്.പ്രതികൂല സാധ്യതകളും തട്ടിക്കിഴിച്ചുള്ള വിലയിരുത്തലിൽ പാലക്കാട്ട് 15000– മുതൽ 20,000 വരെയാണ് എ.വിജയരാഘവന്റെ ഭൂരിപക്ഷം കണക്കാക്കിയത്.മുസ്‌ലിം വോട്ടുകളിൽ ഒരുഭാഗം ലഭിക്കാനുള്ള സാധ്യതയുള്ളതിനാൽ ഭൂരിപക്ഷം 40,000 വരെ ഉയരുമെന്നും നിഗമനമുണ്ടായി. യുഡിഎഫ് വലിയ ലീഡ് നേടുന്ന പട്ടാമ്പി, മണ്ണാർക്കാട്, പാലക്കാട് നിയോജകമണ്ഡലങ്ങളിൽ അവരുടെ ലീഡ് യഥാക്രമം 7,000, 17,000, 10,000 ആയി കുറയുമെന്നും വിലയിരുത്തി.
മലമ്പുഴ 23,000, ഷൊർണൂർ 20,000, ഒറ്റപ്പാലം 17,000, കോങ്ങാട് 8, 000 എന്നിങ്ങനെ ലീഡ് പ്രതീക്ഷിച്ചു.മുൻ തിരഞ്ഞെടുപ്പിലെ ന്യൂനപക്ഷ ഏകീകരണം രണ്ടു മണ്ഡലത്തിലും ഇല്ലെന്നായിരുന്നു വിലയിരുത്തൽ. ഉൾപ്പാർട്ടി പ്രശ്നം പരിഹരിക്കാൻ നേരത്തേതന്നെ നടപടിയുണ്ടായി. തിരഞ്ഞെടുപ്പിന് ജില്ലാ, കേന്ദ്ര, സംസ്ഥാന നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം നടത്തി.സിഎഎ ഉൾപ്പെടെ പ്രചാരണ വിഷയങ്ങളിൽ ചിലതിൽ അമിതാവേശം കാണിച്ചതു പ്രതികൂലമായെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. സ്വയം തിരുത്തേണ്ട കാര്യങ്ങളെക്കുറിച്ചായിരിക്കും ഇനിയുള്ള വിശകലനങ്ങൾ. അല്ലാതെ മുന്നോട്ടുപോകൽ പ്രയാസമെന്നാണ് അകത്തെ ചർച്ച.