പുലിയുണ്ടെന്നു സ്ഥിരീകരിച്ച് വനം വകുപ്പ്, ജാഗ്രത വേണം; കാളികൊളുമ്പിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു
Mail This Article
കൊല്ലങ്കോട് ∙ പഞ്ചായത്തിലെ കാളികൊളുമ്പ് പ്രദേശത്തു പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു വനം വകുപ്പ്. നിരീക്ഷണത്തിനായി ക്യാമറ സ്ഥാപിച്ചു. രാത്രിയിലെ ദൃശ്യങ്ങൾ കൂടി പകർത്താൻ കഴിയുന്ന തരത്തിലുള്ള ആധുനിക സംവിധാനങ്ങളുള്ള രണ്ടു ക്യാമറകളാണു പ്രദേശത്തു സ്ഥാപിച്ചത്. ഇതിനൊപ്പം വനം വകുപ്പ് ജീവനക്കാരും നിരീക്ഷണം ശക്തമാക്കും. നാലാം തീയതി കാളികൊളുമ്പിൽ രാമകൃഷ്ണന്റെ കൃഷിയിടത്തിൽ അതുവഴി പോയ പ്രദേശവാസികളാണു പുലിയെ കണ്ടത്. ഇവർ ബഹളം വച്ചതോടെ പുലി തൊട്ടടുത്തുള്ള കുന്നിൽ മുകളിലേക്ക് കയറി പോവുകയായിരുന്നു. പ്രദേശത്തു നിന്നു പുലിയുടെ കാൽപാടുകളും വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. മേയ് 22നു പുലർച്ചെ കൊട്ടക്കുറിശ്ശിക്കടുത്തു വാഴപ്പുഴയിൽ പുലി കുടുങ്ങുകയും വനം വകുപ്പ് ജീവനക്കാർ മയക്കുവെടി വച്ചു കൂട്ടിലാക്കിയ ശേഷം മരിക്കുകയും ചെയ്തിരുന്നു. ഈ സമയത്തു തന്നെ ഒന്നിലധികം പുലികളുടെ സാന്നിധ്യം പ്രദേശത്തുണ്ടെന്നു നാട്ടുകാർ വനം വകുപ്പ് അധികൃതരെ അറിയിച്ചിരുന്നു.
ക്യാമറയിൽ പുലിയുടെ സഞ്ചാരം പതിഞ്ഞാൽ ആ മേഖല കേന്ദ്രീകരിച്ചു കൂടു വച്ചു പിടികൂടാനുള്ള നടപടികൾ വനം വകുപ്പ് ആരംഭിക്കും. അതിനു മുന്നോടിയായാണു നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. ഇപ്പോൾ ഒരു പുലിയുടെ സാന്നിധ്യമാണു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ ഇവിടെ രണ്ടു പുലികൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്. ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടി വനം വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പുലിയെ കണ്ട പ്രദേശങ്ങളിൽ വനം വകുപ്പിന്റെ പ്രത്യേക സംഘം പരിശോധന നടത്തി ജനവാസ മേഖലയിൽ നിന്നു പുലിയെ അകറ്റാനോ പിടികൂടാനോ നടപടി സ്വീകരിക്കണമെന്നതാണു പ്രധാന ആവശ്യം.