ADVERTISEMENT

നെന്മാറ∙ നെല്ലിയാമ്പതി മലനിരകളിലൂടെ ഒഴുകിപ്പോകുന്ന വെള്ളം പോത്തുണ്ടി ഡാമിലേക്കു തിരിച്ചുവിടാൻ‍ കഴിയുന്ന ഏലംപാടി തടയണ പദ്ധതിയുടെ സാധ്യത സംബന്ധിച്ചു വിദഗ്ധ സംഘം നടത്തുന്ന പരിശോധനകൾ വെറുതെയാകുന്നു. അവസാനമായി 2023 മേയ് 9ന് കെ.ബാബു എംഎൽഎ, ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം നടത്തിയ പരിശോധനാ റിപ്പോർട്ട് ഉന്നത തലങ്ങളിൽ പരിഗണിക്കപ്പെട്ടില്ല. 16 വർഷം മുൻപ് പദ്ധതിയെക്കുറിച്ചു ആലോചന തുടങ്ങിയ അധികൃതർക്ക് ഇന്നും ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഒരു സാധ്യതാ പഠനം പോലും നടത്താൻ ജലവിഭവ വകുപ്പ് തയാറായിട്ടില്ല.

നെല്ലിയാമ്പതി നൂറടിപ്പുഴയിലേയും മറ്റു നീരൊഴുക്കുകളും ഏലംപാടിക്കു സമീപം തടയണ നിർമിച്ചു കേശവൻപാറ വഴി കമ്പിപ്പാലത്തിലൂടെ പോത്തുണ്ടി ഡാമിലേക്കു എത്തിക്കാൻ കഴിയുമെന്ന പ്രാഥമിക ആലോചനയിലാണു പഠനം നടത്താൻ നീക്കമാരംഭിച്ചത്. വകുപ്പിന്റെ കീഴിലുള്ള വിദഗ്ധരെ ഉപയോഗിച്ചോ മറ്റ് ഏജൻസികൾ വഴിയോ പദ്ധതി സംബന്ധിച്ചു പഠനം നടത്തണമെന്നുള്ള റിപ്പോർട്ട് നൽകിയിരുന്നതായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച അസി. എക്‌സിക്യുട്ടീവ് എൻജിനീയർ സ്മിത ബാലകൃഷ്ണൻ പറഞ്ഞു. ജില്ലാ കലക്ടർക്കും ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഒരു വർഷമായി മറുപടിയൊന്നുമുണ്ടായില്ല.

നൂറടിപ്പുഴയിലെ വെള്ളം കാരപ്പാറ വഴി ചാലക്കുടിയിലേക്കാണു ഒഴുകിപ്പോകുന്നത്. മഴയുടെ കുറവ് കാരണം പോത്തുണ്ടി ഡാമിൽ ഏതാനും വർഷമായി പൂർണതോതിൽ വെള്ളം സംഭരിക്കാൻ കഴിയുന്നില്ല. സമഗ്ര കുടിവെള്ള പദ്ധതി വഴി 6 പഞ്ചായത്തുകളിലേക്കു ശുദ്ധജലവിതരണം നടത്താനുള്ള പദ്ധതി അവസാന ഘട്ടത്തിലാണ്. ഡാമിലാണെങ്കിൽ പദ്ധതിക്കാവശ്യമായ വെള്ളം കരുതാൻ കഴിയുന്നുമില്ല. ഈ സാഹചര്യത്തിൽ പോത്തുണ്ടി ഡാമിലേക്കു കൂടുതൽ വെള്ളം എത്തിക്കാനുള്ള പദ്ധതി അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്.വനം വകുപ്പിന്റെ അനുമതിയോടെ 750 മീറ്റർ നീളത്തിൽ തുരങ്കം നിർമിച്ചു വേണം കമ്പിപ്പാലത്തേക്കു വെള്ളമെത്തിക്കാൻ.

ഒക്ടോബർ മുതൽ ഫെബ്രുവരി വരെ വെള്ളം ലഭിച്ചാൽ അണക്കെട്ടിൽ നിന്നു ജലസേചനത്തിനായി തുറന്നുവിടുന്ന വെള്ളത്തിന് ആനുപാതികമായി നെല്ലിയാമ്പതിയിൽ നിന്നു വെള്ളം കണ്ടെത്താനാകും.  ഇതോടെ ആയക്കെട്ട് പ്രദേശത്ത് പച്ചക്കറി കൃഷിക്കും പോത്തുണ്ടി ഡാം സമഗ്ര കുടിവെള്ള പദ്ധതികൾക്കും സഹായകമാകും.  2008ൽ പദ്ധതി നടപ്പാക്കാൻ ജലസേചനവകുപ്പ് രൂപരേഖ തയാറാക്കിയിരുന്നു. എന്നാൽ തുടർപ്രവർത്തനമുണ്ടായില്ല.  2019ഫെബ്രുവരിയിൽ അധികൃതർ വീണ്ടും ഏലംപാടിയിൽ സന്ദർശനം നടത്തി വിശദമായ രൂപരേഖയും റിപ്പോർട്ടും തയാറാക്കിയെങ്കിലും സർവേ നടപടികളിലേക്കു കടന്നില്ല. നെന്മാറ, അയിലൂർ, മേലാർകോട്, തുടങ്ങി സമീപ പഞ്ചായത്തുകളിലുള്ളവരെല്ലാം കൃഷിക്കും ശുദ്ധജലത്തിനും ആശ്രയിക്കുന്നത് പോത്തുണ്ടി ഡാമിനെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com