അധ്യാപകനെ സ്നേഹവലയത്തില്‍ ‘തടഞ്ഞിട്ട്’ കുരുന്നുകള്‍

Mail This Article
ലക്കിടി ∙ സ്ഥലംമാറിപ്പോകുന്ന തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ വേര്‍പിരിയാനാകാതെ നിലവിളിക്കുന്ന കുട്ടികളും കുരുന്നുകളുടെ സ്നേഹവലയം ഒഴിവാക്കാനാവാതെ വിഷമിച്ചു നില്‍ക്കുന്ന അധ്യാപകനും, കാഴ്ച കണ്ടുനിന്ന സഹപ്രവര്‍ത്തകര്‍ക്കും രക്ഷിതാക്കളുടെയും കണ്ണുകളെ ഈറനണിയിച്ചു. അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിന്റെ ആഴം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ സമ്മാനിച്ചത് പഴയലക്കിടി ജിഎസ്ബിഎസില്‍ ആണ്. 3 വര്‍ഷമായി പഴയലക്കിടി സ്കൂളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകന്‍ കെ.പ്രേമന്‍ ഏവര്‍ക്കും പ്രിയപ്പെട്ടയാളാണ്. കുട്ടികളുടെ ചിന്തയും മനസ്സും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന അധ്യാപകന്‍ സ്കൂളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
പഴയലക്കിടി സ്കൂളില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് കഴിഞ്ഞ ദിവസം അധ്യാപകന് പ്രമോഷന്‍ ട്രാന്‍സ്ഫര്‍ വന്നത്. 21 വര്‍ഷമായി അസിസ്റ്റന്റ് ടീച്ചറായ പ്രവര്‍ത്തിക്കുന്ന അധ്യാപകന് പ്രധാനാധ്യാപകനായാണ് ജോലിക്കയറ്റം. ആലത്തൂര്‍ ഉപജില്ലയിലെ തോണിപ്പാടം ജിഎംഎല്‍പിഎസ് സ്കൂളിലേക്ക് നിയമനം വന്നതോടെ സഹപ്രവര്‍ത്തകരോടും കുട്ടികളോടും യാത്ര പറഞ്ഞിറങ്ങിയ വേളയിലാണ് കുട്ടികള്‍ അധ്യാപകനെ ചുറ്റും നിന്നു മാഷ് പോകേണ്ടെന്നു പറഞ്ഞു തുടങ്ങിയത്. കുട്ടിക്കൂട്ടം പിടിവിടാതെ നിലവിളിച്ചതോടെ കണ്ടുനിന്നവരും എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയായി.
കുട്ടികളെ ആശ്വസിപ്പിക്കാന്‍ പാടുപെടുന്ന അധ്യാപകരെയും പിടിഎ ഭാരവാഹികളെയും വേര്‍പിരിയാനാകാത്ത കുട്ടികളെയും കണ്ടപ്പോള്‍ പ്രേമന്‍ മാഷുടെ കണ്ണും നിറഞ്ഞൊഴുകി. പരിസ്ഥിതി പ്രവര്‍ത്തനം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റീവ് മേഖലയിലും പ്രവര്‍ത്തിച്ചിരുന്ന അധ്യാപകന്‍ യഥാര്‍ഥത്തില്‍ കുട്ടികളുടെ കളിക്കൂട്ടുകാരനായിരുന്നു.സ്കൂളില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ബിപിസി കെ. പ്രഭാകരന്‍, പ്രധാനാധ്യാപിക എ.ആര്‍. നിഷ, പിടിഎ പ്രസിഡന്റ് കെ. ഫൈസല്‍, എം.യു. സൈനാബി, കെ. റുബീന എന്നിവര്‍ പ്രസംഗിച്ചു.