നഗരത്തിൽ കാലിപിടിത്തം ഇനി 24 മണിക്കൂറും; വിളിച്ചറിയിക്കാൻ മൊബൈൽ നമ്പർ പ്രസിദ്ധീകരിച്ചു
Mail This Article
പാലക്കാട് ∙ നഗരത്തിൽ വഴി, വാഹന യാത്രക്കാർക്കു ഭീഷണിയായി പൊതുനിരത്തുകളിൽ അഴിച്ചുവിടുന്ന കന്നുകാലികളെ പിടിച്ചുകെട്ടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ക്വാഡിനെ സജ്ജമാക്കി നഗരസഭ. ഓരോ ഷിഫ്റ്റിനും ഓരോ ഹെൽത്ത് ഇൻസ്പെക്ടർമാർക്കു ചുമതല നൽകിയാണു പ്രവർത്തനമെന്നു സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷ് അറിയിച്ചു. നഗരപരിധിയിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ കണ്ടാൽ യാത്രക്കാർക്കും നഗരസഭ സ്ക്വാഡിനെ വിളിച്ചറിയിക്കാം. ഇതിനായി മൊബൈൽ നമ്പറും പ്രസിദ്ധീകരിച്ചു.
കന്നുകാലികൾ അലയുന്ന സ്ഥലം പറഞ്ഞു കൊടുത്താൽ മതി. അവധിദിനത്തിലും കന്നുകാലി സ്ക്വാഡ് പ്രവർത്തന സജ്ജമാണ്. ഇക്കഴിഞ്ഞ അവധി ദിവസം വെണ്ണക്കര മേഖലയിൽ നിന്ന് 6 കന്നുകാലികളെയാണു പിടികൂടിയത്. ഇത്തരത്തിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളുടെ ഉടമസ്ഥരിൽ നിന്നു 10,000 രൂപ വരെ പിഴ ഈടാക്കും. കന്നുകാലി ശല്യം പരിധിവിട്ടതോടെയാണു നഗരസഭ നടപടികൾ ശക്തമാക്കുന്നത്.