ജലജീവന്റെ പൈപ്പ് തകർന്നു; റോഡ് ഒലിച്ചു പോയി
Mail This Article
നാടപറമ്പ് ∙ ജലജീവന്‍ മിഷന്റെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. തിരുവേഗപ്പുറ, മുതുതല, പരുതൂര്‍ പഞ്ചായത്തുകളിലേക്കുള്ള ജലജീവന്‍ മിഷന്റെ സമഗ്ര ശുദ്ധജല പദ്ധതിയുടെ നാടപറമ്പിലെ പൈപ്പ് ലൈനാണു പൊട്ടിയത്. തൂതപ്പുഴയുടെ കാരമ്പത്തൂര്‍ കരിയന്നൂര്‍ കടവില്‍ നിന്നു ട്രയല്‍ പമ്പിങ് നടത്തുന്നതിനിടെ നാടപറമ്പ് പരുതൂര്‍ ഹൈസ്കൂളിനു സമീപം ഓടുപാറ റോഡിലൂടെ പോകുന്ന ഭാഗത്താണു പൈപ്പ് പൊട്ടി വലിയ തോതില്‍ വെള്ളം ചോര്‍ന്നത്. ഓടുപാറ റോഡിനു നടുവിലൂടെ പോകുന്ന പൈപ്പ് പമ്പിങ്ങിനിടെ പിളരുകയും വന്‍ തോതില്‍ ജലം പാഴാവുകയുമായിരുന്നു. പൈപ്പ് ചോർന്ന് റോഡിലും പ്രദേശത്തെ വീടുകളിലും വെള്ളം കയറി. പരുതൂര്‍ ഹൈസ്കൂളിന്റെ മതിലിനോടു ചേര്‍ന്നാണു ജലച്ചോര്‍ച്ച ഉണ്ടായത്.
പൈപ്പ് പൊട്ടിയ ഉടന്‍ പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായില്ല. മതിലിനു കേടൊന്നും പറ്റിയില്ലെങ്കിലും റോഡ് വലിയ കുഴിയായി പിളര്‍ന്നു. തിരുവേഗപ്പുറ, മുതുതല, പരുതൂര്‍ എന്നീ മൂന്നു പഞ്ചായത്തുകളിലേക്കുള്ള ജലജീവന്‍ മിഷന്റെ സമഗ്ര ശുദ്ധജല പദ്ധതിയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. മാഞ്ഞാമ്പ്രയിലെ ജലസംഭരണിയിലേക്കുള്ള പമ്പിങ് ട്രയല്‍ നടത്തുന്നതിനിടെയാണു പൈപ്പ് പൊട്ടിയത്. പൊട്ടിയ പൈപ്പും റോഡിലെ കുഴിയും ഉടന്‍ നന്നാക്കുന്നുമെന്ന് അധികൃതര്‍ പറഞ്ഞു.