ഗൂഗിൾ മാപ്പ് ചതിച്ചു; വൈക്കോൽ ലോറി വഴിയിൽ കുടുങ്ങി

Mail This Article
എടത്തനാട്ടുകര ∙ ഗൂഗിൾ മാപ്പ് നോക്കി കരുവാരകുണ്ടിലേക്കുള്ള വൈക്കോലുമായി എത്തിയ ലോറി കോട്ടപ്പള്ള പൊൻപാറ റോഡിൽ കുടുങ്ങി. ഇന്നലെ രാവിലെ എട്ടരയോടെയാണു സംഭവം. തമിഴ്നാട്ടിൽ നിന്നു കരുവാരകുണ്ടിലേക്കു പുറപ്പെട്ട ലോറി അലനല്ലൂരിൽ എത്തിയപ്പോൾ മാപ്പ് കരുവാരകുണ്ടിലേക്കുള്ള എളുപ്പ വഴി കാണിച്ചതു പ്രകാരം എടത്തനാട്ടുകര കോട്ടപ്പള്ളയിൽ എത്തി. തുടർന്ന് പൊൻപാറ റോഡ് വഴി ഏകദേശം 100 മീറ്റർ പിന്നിട്ടു.
റോഡിന്റെ അവസ്ഥയും ഇലക്ട്രിക് ലൈനുകളുടെ ഉയരക്കുറവും കണ്ടതോടെ ഡ്രൈവർക്ക് അബദ്ധം മനസ്സിലായി.ഇതുവഴി എത്തിയ യാത്രക്കാരോട് അന്വേഷിച്ചപ്പോൾ പൊൻപാറ ഭാഗത്തു വലിയ കയറ്റവും മറ്റും ഉള്ളതായി അറിഞ്ഞതോടെ വണ്ടി തൊട്ടടുത്തു നിർമാണത്തിലിരിക്കുന്ന വീട്ടുമുറ്റത്തേക്കു കയറ്റി തിരിക്കാൻ ശ്രമിച്ചു.ഇതോടെ, പിൻചക്രം റോഡരികിലെ ചെളി നിറഞ്ഞ ചാലിൽ കുടുങ്ങി വാഹനം ചരിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പിന്നീടു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കയർ കെട്ടി വലിച്ചെങ്കിലും കയർ പൊട്ടി. ചങ്ങല കൊളുത്തിയാണു ലോറി വലിച്ചു കയറ്റിയത്. പിന്നീട് ആഞ്ഞിലങ്ങാടി വഴി യാത്ര തിരിച്ചു.