ADVERTISEMENT

തൃത്താല ∙ പരുതൂർ പഞ്ചായത്തിലെ പള്ളിപ്പുറം സുശീലപ്പടി റെയിൽവേ മേൽപാലത്തിനു റെയിൽവേയുടെ അന്തിമ അനുമതി ലഭിച്ചതായി മന്ത്രി എ.ബി.രാജേഷ് അറിയിച്ചു. കിഫ്ബി മുഖേന 32.91 കോടി രൂപയാണു പാലം നിർമാണത്തിനായി വകയിരുത്തിയിട്ടുള്ളത്. 2021 സെപ്റ്റംബറിലാണു മേൽപാലം നിർമാണത്തിനു സർക്കാർ ഉത്തരവാകുന്നത്. റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ നിർവഹണ ഏജൻസി ആയിട്ടുള്ള പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നതോടെ പാലം നിർമാണം ആരംഭിക്കാനാവും എന്നു മന്ത്രി അറിയിച്ചു. 

പരുതൂർ പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണു പള്ളിപ്പുറം സുശീലപ്പടി റെയിൽവേ മേൽപാലം. റെയിൽവേയുടെ അന്തിമ അനുമതിക്കായി ഒരു വർഷത്തോളമായി മേഖലയിലെ ജനങ്ങൾ കാത്തിരിപ്പു തുടങ്ങിയിട്ട്.  മേൽപാലത്തിന് ഇരുവശവും അനുബന്ധപാതയും നിർമിക്കും.സുശീലപ്പടിയിൽ മേൽപാലം വന്നാൽ കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കാം. മലപ്പുറം ജില്ലയിലെ വളാഞ്ചേരി ഭാഗത്തു നിന്നു ഒട്ടേറെ വാഹനങ്ങൾ തൃത്താല ഭാഗത്തേക്കു പരുതൂർ വഴി വരുന്നുണ്ട്. എന്നാൽ, പാലത്തറയിൽ പലതവണ അടയ്ക്കുന്ന റെയിൽവേ ഗേറ്റ് സുഗമമായ യാത്രയ്ക്കു തടസ്സമാകുകയാണ്. മേൽപാലം നി‍ർമാണത്തിനു റെയിൽവേയുടെ അനുമതി ലഭിച്ചതോടെ ഇനി കരാർ നടപടികളിലേക്കു പോകാനാകും.  മേൽപാലം യാഥാർഥ്യമാകുന്നതോടെ തൃത്താല മേഖലയിൽ ഗതാഗതരംഗത്തും വികസനരംഗത്തും വൻ മുന്നേറ്റമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com