കിടപ്പുരോഗിക്ക് ഡ്രിപ്പ് മാറ്റി നൽകി ശുചീകരണത്തൊഴിലാളി

Mail This Article
ഈറോഡ് ∙ സർക്കാർ ആശുപത്രിയിലെ ശുചീകരണത്തൊഴിലാളി കിടപ്പുരോഗിക്കു ഡ്രിപ്പ് മാറ്റി നൽകിയതു വിവാദമായി. ജനറൽ വാർഡിൽ കിടപ്പുരോഗിക്കു ഡ്രിപ്പ് തീർന്നപ്പോൾ വാർഡിൽ ശുചീകരണത്തിനെത്തിയ തൊഴിലാളിയാണു മറ്റൊരു മരുന്ന് കുത്തിവച്ചത്. സമീപത്തെ കട്ടിലിലെ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവ് ഇതു മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ആശുപത്രി അധികൃതർ വെട്ടിലായി.സംഭവം പരസ്യമായതോടെ ജില്ലാ ആശുപത്രി സൂപ്രണ്ട് വെങ്കിടേശൻ ജീവനക്കാരോടു വിശദീകരണം ചോദിച്ചിട്ടുണ്ട്.
സർക്കാർ ആശുപത്രിയിലെ വാർഡുകളിലും അത്യാഹിത വിഭാഗത്തിലും ഡോക്ടർമാർക്കും നഴ്സുമാർക്കും പുറമേ പരിശീലനത്തിനെത്തുന്ന ഡോക്ടർമാരും നഴ്സുമാരും മറ്റു സ്വകാര്യ നഴ്സിങ് കോളജുകളിൽ നിന്നു പരിശീലനത്തിനെത്തുന്നവരുമാണു രോഗികളെ ചികിത്സിക്കുന്നതും പരിചരിക്കുന്നതും. ഇന്നലെ സമൂഹ മാധ്യമത്തിൽ വന്ന ചിത്രം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ആ സമയത്തു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എല്ലാവരോടും വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ആരു തെറ്റു ചെയ്തതാലും കർശന നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. .
കഴിഞ്ഞയാഴ്ച രോഗിയായ വയോധികയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വീൽ ചെയർ നൽകാത്തതിനാൽ മകൾ തോളിൽ ചുമന്ന് അത്യാഹിത വിഭാഗത്തിൽ എത്തിച്ചതു വൻപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തെന്നു സൂപ്രണ്ട് പറഞ്ഞു.സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ജനറൽ ആശുപത്രി മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയായി ഉയർത്തിയെങ്കിലും ആവശ്യമായ ജീവനക്കാരോ രോഗികൾക്കു പരിഗണനയോ പരിമിതമാണ്. മികച്ച ചികിത്സാ സംവിധാനങ്ങൾ നടപ്പാക്കിയിട്ടും ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നും പരാതിയുണ്ട്.