ADVERTISEMENT

വാളയാർ ∙ മാനത്ത് മഴ മേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾ ചന്ദ്രാപുരം ചടയൻഗ്രാമത്തിൽ താമസിക്കുന്ന ദുരൈ–പഴനിയമ്മാൾ ദമ്പതികളുടെ മനസ്സിൽ ഭീതിയുടെ കാർമേഘം പടരും. ഇനിയൊരു മഴ കൂടി താങ്ങാനുള്ള ശക്തി വീടിനു നൽകണേ എന്ന പ്രാർ‍ഥനയിലാണ് ഈ ദമ്പതികൾ. കാലവർഷത്തിന്റെ തുടക്കത്തിലുണ്ടായ മഴയിൽ ഇവരുടെ ഓടു മേഞ്ഞ വീടിന്റെ മേൽക്കൂര പൂർണമായി നിലംപൊത്തി. കഴുക്കോലുകളും ഓടുകളും താഴേക്കു വീണ് വീട്ടു സാമഗ്രികൾ ഉൾപ്പെടെ നശിച്ചു. അടുക്കളയിൽ മേൽ ഭാഗത്തു മാത്രം ഷീറ്റ് മറച്ചാണ് ഇരുവരും അന്തിയുറങ്ങുന്നത്. ശക്തമായൊരു മഴയ്ക്ക് വീടിന്റെ ശേഷിക്കുന്ന ഭാഗം കൂടി നിലപൊത്തുമെന്ന ആശങ്കയിലാണ് ഇവർ. മക്കളില്ലാത്ത ഇരുവരും വർഷങ്ങളായി കുടുംബ സ്വത്തായി ലഭിച്ച ഈ ഓട്ടുപുരയിലാണു താമസം. 

പഴനിയമ്മാൾ തൊഴിലുറപ്പു തൊഴിലാളിയും ദുരൈ കൂലിപ്പണിക്കാരനാണ്. തുച്ഛമായ വരുമാനത്തിലാണു കുടുംബം ജീവിക്കുന്നത്. വീട് അറ്റക്കുറ്റപ്പണി നടത്താനുള്ള സാമ്പത്തിക ശേഷി ഇവർക്കില്ല. പഞ്ചായത്ത് അംഗം എസ്.സനൂപിന്റെ ഇടപെടലിനൊടുവിൽ ലൈഫ് ഭവന പദ്ധതിയിലെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും വീട് നിർമാണത്തിനു ഫണ്ട് ലഭിക്കാനുള്ള കാത്തിരിപ്പ് തുടങ്ങി വർഷങ്ങളായി. മേൽക്കൂരയില്ലാത്തതിനാൽ മഴ പെയ്താൽ അടുക്കള ഭാഗം ഒഴിച്ചുള്ള മുഴുവൻ ഭാഗങ്ങളും വെള്ളം കയറും. ഇതോടെ ചുവരുകളും ദ്രവിച്ച് നശിച്ച അവസ്ഥയിലാണ്. നിലവിൽ മേൽക്കൂര അറ്റകുറ്റപ്പണിക്കെങ്കിലും തുക ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ ഇവരെ സുരക്ഷിതമായി സമീപത്തെ വാടക വീട്ടിലേക്കു മാറ്റാനുള്ള ശ്രമത്തിലാണെന്നും ലൈഫ് ഭവന പദ്ധതിയുടെ പട്ടികയിൽ ഇവരെ മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാനാവുന്നതെല്ലാം ചെയ്യുമെന്നും പഞ്ചായത്ത് അംഗം എസ്.സനൂപ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com