ചുരുളിക്കൊമ്പൻ വീണ്ടും ജനവാസമേഖലയിൽ

Mail This Article
കഞ്ചിക്കോട് ∙ വാധ്യാർചള്ള ജനവാസമേഖലയെ വിറപ്പിച്ചു വീണ്ടും ഒറ്റയാൻ. ഇന്നലെ പുലർച്ചെ മേഖലയിലെത്തിയ പിടി–5 എന്ന ചുരുളിക്കൊമ്പൻ വ്യാപകമായി കൃഷി നശിപ്പിച്ചു. പുത്തൻചള്ള പാടശേഖരസമിതിയിൽ സെക്രട്ടറി കറുപ്പുസ്വാമിയുടെയും മകൻ ജഗന്റെയും മുപ്പതോളം തെങ്ങും ഒട്ടേറെ പേരുടെ നെൽക്കൃഷിയും ആന നശിപ്പിച്ചു. തൊട്ടടുത്ത നെൽപ്പാടം ചവിട്ടു മെതിച്ചു നശിപ്പിച്ച നിലയിലാണ്. കഴിഞ്ഞ വർഷവും ഇവരുടെ കൃഷി ആനക്കുട്ടം നശിപ്പിച്ചിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ഒറ്റയാൻ വാധ്യാർ ചള്ളയിലിറങ്ങുന്നത്. 2 ദിവസം മുൻപ് ആനയെ ഉൾക്കാട്ടിലേക്ക് കയറ്റിയെങ്കിലും ഇന്നലെ വീണ്ടുമെത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വല്ലടി ജനവാസമേഖലയിലും വ്യാപകമായി ആക്രമണമുണ്ടായി. ചുരുളിക്കൊമ്പൻ തുടർച്ചയായി കാടിറങ്ങി തുടങ്ങിയതോടെ വനംവകുപ്പ് രാത്രി പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.