നടത്തിപ്പിന് ആളില്ല; കാടുകയറി വിക്ടോറിയ കോളജ് പൈതൃക മ്യൂസിയം

Mail This Article
പാലക്കാട് ∙ നടത്തിപ്പിന് ആളില്ലാത്തതിനാൽ വിക്ടോറിയ കോളജിന്റെ പൈതൃക മ്യൂസിയം അടഞ്ഞുകിടക്കുന്നു. മ്യൂസിയം ഏതാണ്ട് കാടുകയറിയ നിലയിലാണ്.കഴിഞ്ഞ വർഷം മെയിൽ കോളജ് റോഡിൽ ജില്ലാ കലക്ടറുടെ വസതിക്കുസമീപം ആരംഭിച്ച മ്യൂസിയത്തിനാണ് ഈ അവസ്ഥ. ബ്രിട്ടിഷുകാരുടെ കാലത്തെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ആഴ്ചയിൽ ബുധൻ, വെളളിയാഴ്ച ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും അവധിക്കാലത്ത് അടഞ്ഞു തന്നെ കിടന്നു. കോളജിൽ ക്ലാസുകൾ തുടങ്ങിയിട്ടും തുറക്കാൻ കഴിഞ്ഞിട്ടില്ല. വിക്ടോറിയ കോളജിന്റെ 1887–മുതലുള്ള തിളക്കമാർന്ന ചരിത്രത്തിന്റെ ഏടുകൾ, പഴയ ആശയവിനിമയ സംവിധാനങ്ങൾ, ലാബുകളിലെ പഴയ ഉപകരണങ്ങൾ, കാർഷിക മേഖലയിലെ മുൻകാല സംവിധാനങ്ങൾ തുടങ്ങി ഒട്ടേറെ വസ്തുക്കൾ ഇതിനകത്തുണ്ട്.
വിദ്യാർഥികൾക്കും ചരിത്രസ്നേഹികൾക്കും അറിവുനൽകുന്ന വസ്തുക്കളാണ് ഒരോന്നും. പരിപാലനം ഇല്ലാതായതോടെയാണ് കെട്ടിടം കാടുകയറിയത്. കോളജ് ചരിത്ര വിഭാഗം മേധാവിക്കാണ് മ്യൂസിയം ചുമതല. കോളജിലെ തിരക്കുകളിൽ വകുപ്പിന് ഇതിന്റെ മേൽനോട്ടത്തിന് പലപ്പോഴും സമയംകിട്ടില്ല. മ്യൂസിയത്തിന് ഒരു ജീവനക്കാരനെ നിയമിക്കണമെന്ന് വകുപ്പ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. കോളജ് പ്രവേശനവും അനുബന്ധ നടപടികളും കാരണമാണ് തുറക്കാത്തതെന്നും സ്ഥാപനം ഒരാഴ്ചക്കുള്ളിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നുമെന്നും ചരിത്രവിഭാഗം അധികൃതർ അറിയിച്ചു.