വില കുറയുന്നു, ‘മത്തി പ്രേമികൾക്ക്’ തൽക്കാലം ആശ്വാസം; നത്തോലിയെ ഏറ്റെടുത്ത് നാട്ടുകാർ

Mail This Article
പാലക്കാട് ∙ കുറഞ്ഞ ദിവസങ്ങളിൽ ഒറ്റയടിക്ക് ഇരട്ടിയിലധികം വില വർധിച്ച പച്ചക്കറികളുടെയും മീനിന്റെയും വിലയിൽ നേരിയ ആശ്വാസം. ഏറ്റവും വില വർധിച്ച മുരിങ്ങയ്ക്ക, തക്കാളി, പാവയ്ക്ക, പച്ചമുളക് എന്നിവയുടെ വില ഗണ്യമായി കുറഞ്ഞപ്പോൾ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് 80 രൂപയും സവാളയ്ക്ക് 45 രൂപയും തുടരുകയാണ്. പച്ചക്കറി വരവു കുറഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. ഇപ്പോഴും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ലോഡ് അനുസരിച്ച് വിലയിൽ ദിവസേന ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നതായി വ്യാപാരികൾ പറഞ്ഞു. വില താഴ്ന്നെങ്കിലും കച്ചവടം പഴയപടി ആയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മീൻ വിലയിലും നേരിയ കുറവുണ്ട്. നത്തോലിയുടെ ലഭ്യത വർധിച്ചതാണ് മീൻ മാർക്കറ്റിന് ആശ്വാസമായത്. ട്രോളിങ് മൂലം മറ്റു മീനുകളുടെ ലഭ്യത കുറഞ്ഞപ്പോൾ നാട്ടിലെ ചെറുവള്ളങ്ങൾ വഴി വരുന്ന നത്തോലി എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. കിലോയ്ക്കു 100 രൂപയാണ് വില. മറ്റു മീനുകളുടെ വിലയിൽ നേരിയ കുറവുണ്ടെങ്കിലും മത്തി വില 250–300 രൂപയായി തുടരുകയാണ്. നത്തോലി എത്തിയത് ‘മത്തി പ്രേമികൾക്ക്’ തൽക്കാലം ആശ്വാസമായിട്ടുണ്ട്. വില കത്തിക്കയറിയതോടെ പഴയതു പോലെ മത്തിക്കു ആവശ്യക്കാരില്ലെന്നും വ്യാപാരികൾ പറയുന്നു.