ADVERTISEMENT

പാലക്കാട് ∙ ലേ‍ാക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭാ പരിധിയിൽ ബിജെപിക്കു ലഭിക്കേണ്ട വേ‍ാട്ടുകൾ കുറഞ്ഞതും ഉപതിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പ് തീരുമാനിച്ചതു പേ‍ാലെ മുന്നേ‍ാട്ടു പേ‍ാകാത്തതിലും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സാന്നിധ്യത്തിൽ നടന്ന സംഘടനാ യേ‍‍ാഗങ്ങളിൽ ശക്തമായ വിമർശനം ഉയർന്നതായി വിവരം.

പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായി കാണുന്നിടത്തു പോലും വേ‍ാട്ടു ചെയ്തവരുടെ എണ്ണം കുറഞ്ഞതിന്റെ കാരണങ്ങൾ ഗൗരവമായി പഠിക്കാൻ അധ്യക്ഷൻ നിർദേശം നൽകി. മറ്റു കാരണങ്ങളുണ്ടേ‍ാ എന്നു ജനങ്ങൾക്കിടയിൽ നിന്നു മനസ്സിലാക്കാനും ആവശ്യപ്പെട്ടതായാണു വിവരം. നേതാക്കൾ പല കാരണങ്ങളും നിരത്തിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല.  നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ.ശ്രീധരൻ മത്സരിച്ചപ്പേ‍ാൾ വേ‍ാട്ടുകൾ ലഭിച്ച മേഖലയിൽ ഇത്തവണ ഗണ്യമായ കുറവുണ്ടായത് ചർച്ചയായിരുന്നു. ചിലയിടങ്ങളിൽ അനുഭാവികൾ വേ‍ാട്ടു ചെയ്തില്ലെന്ന പരാതിയും ഉയർന്നു.

ഉപതിരഞ്ഞെടുപ്പിന്റെ തയാറെടുപ്പിനായി സംസ്ഥാന അധ്യക്ഷന്റെ സാന്നിധ്യത്തിൽ രണ്ടാഴ്ച മുൻപു നടന്ന യേ‍ാഗത്തിൽ തീരുമാനിച്ച കാര്യങ്ങൾ വേണ്ട വിധം മുന്നേ‍ാട്ടു പേ‍ാകാത്തതിൽ സുരേന്ദ്രൻ അതൃപ്തി രേഖപ്പെടുത്തി. മണ്ഡലത്തിലെ സംഘടനാദൗർബല്യം പരിഹരിക്കണമെന്ന നിർദേശവും ഉയർന്നു. ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥിയെ സംബന്ധിച്ച പരാമർശങ്ങളെ‍ാന്നും യേ‍ാഗങ്ങളിൽ ഉയർന്നില്ല.

ഇന്നു  കേന്ദ്രമന്ത്രിമാരായ സുരേഷ് ഗേ‍ാപി, ജേ‍ാർജ് കുര്യൻ എന്നിവർക്കു നൽകുന്ന വിപുലമായ സ്വീകരണം തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ  ഭാഗം കൂടിയാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥിനാണ് പാലക്കാട് തിരഞ്ഞെടുപ്പിന്റെ ചുമതല. ലേ‍ാക്സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹമായിരുന്നു പ്രഭാരി. എന്നാൽ, സംഘടനാ യേ‍ാഗങ്ങളിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ചേ‍ാ  ഒരുക്കങ്ങളെക്കുറിച്ചേ‍ാ ചർച്ചകളെ‍ാന്നും നടന്നിട്ടില്ലെന്നും ജില്ലാ നേതൃയേ‍ാഗം മാത്രമാണ് നടന്നതെന്നും ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്  പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com