ADVERTISEMENT

പാലക്കാട് ∙ സിവിൽസ്റ്റേഷൻ–ഫയർ സ്റ്റേഷൻ റോഡിൽ താൽക്കാലിക അറ്റകുറ്റപ്പണിയെങ്കിലും നടത്തിയില്ലെങ്കിൽ ഗതാഗതം അപകടത്തിലാകും. കുഴികളെങ്കിലും ഉടൻ നികത്തണമെന്നാണ് ആവശ്യം. ജില്ലാ കോടതിയിലേക്കു പ്രവേശിക്കുന്നിടം മുതൽ റോഡ് തകർന്നു കിടക്കുകയാണ്. മഴ ശക്തിപ്പെട്ടതോടെ കൂടുതൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തിലാകാൻ സാധ്യതയേറെ. അഗ്നിരക്ഷാ നിലയത്തിലേക്കും കുടുംബകോടതിയിലേക്കും ജില്ലാ വ്യവസായ കേന്ദ്രത്തിലേക്കും ഉള്ള പ്രധാന വഴിയാണിത്. 

കല്ലേക്കാട്, ന്യൂസിവിൽ നഗർ കോളനികളിലേക്കും ഇതുവഴിയാണു പോകേണ്ടത്. മഴയത്ത് ടാറിങ് സാധ്യമായില്ലെങ്കിലും കുഴി അടയ്ക്കലെങ്കിലും ഉടൻ നടത്തണമെന്നു യാത്രക്കാർ പറയുന്നു. മഴയുടെ ഇടവേളകളിൽ പൊതുമരാമത്ത് വകുപ്പ് അവരുടെ റോഡുകളിൽ കുഴി അടയ്ക്കുന്നുണ്ട്. ശുദ്ധജല വിതരണ പൈപ്പിടാനായി റോഡ് വെട്ടിപ്പൊളിച്ചതോടെയാണ് പാത ഈ വിധത്തിൽ തകർന്നു തുടങ്ങിയത്. പൈപ്പിട്ടു വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ പൂർണതോതിലുള്ള അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. റോഡ് തകർച്ച സംബന്ധിച്ച് ഒട്ടേറെത്തവണ നഗരസഭയെ അറിയിച്ചിരുന്നു.  ഉടൻ നടപടിയെന്ന മറുപടിയല്ലാതെ പ്രവൃത്തി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. 

ജീവൻരക്ഷയ്ക്കായി അഗ്നിരക്ഷാസേനയുടെ വാഹനവും റോഡിലെ ഈ കുഴികൾ താണ്ടിവേണം പോകാൻ. കുടുംബകോടതിയുടെ പ്രവർത്തനം ഫയർ സ്റ്റേഷനു സമീപത്തേക്കു മാറ്റിയതോടെ യാത്രക്കാരുടെ തിരക്കും വർധിച്ചിട്ടുണ്ട്.  പലയിടത്തും റോഡിൽ ഉപരിതലം ഇല്ല. റോഡിലെ അപകടാവസ്ഥ സംബന്ധിച്ചു പൊലീസും അഗ്നിരക്ഷാ സേനയും ആവർത്തിച്ചു മുന്നറിയിപ്പു നൽകുന്നുണ്ട്. റോഡിലെ അപകടക്കുഴികൾ നികത്തണമെന്ന് നഗരസഭാധ്യക്ഷ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു.  എന്നിട്ടും ഫയർ സ്റ്റേഷൻ റോഡിൽ നടപടി ഉണ്ടായിട്ടില്ല. ഈ റോഡ് പിഡബ്ല്യുഡിയുടെ കീഴിലാണെങ്കിലും പൈപ്പിട്ടുള്ള തകർച്ചയായതിനാൽ അറ്റകുറ്റപ്പണി നടത്തേണ്ടതു നഗരസഭയെന്നാണു വാദം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com