ADVERTISEMENT

പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി കേന്ദ്രമന്ത്രിമാർക്കുള്ള സ്വീകരണം ആവേശമാക്കി ബിജെപി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർക്ക് നൽകിയ സ്വീകരണത്തിൽ പ്രവർത്തകർ ഒഴുകിയെത്തി. പാർട്ടിക്കാർ മാത്രമല്ല വിവിധ മേഖലയിലുള്ള ഒട്ടേറെ പേർ കേന്ദ്രമന്ത്രിമാരെ അഭിനന്ദിക്കാനും നിവേദനം നൽകാനും എത്തിയിരുന്നു. കേന്ദ്രമന്ത്രിമാർക്കൊപ്പം മുതിർന്ന നേതാക്കളും എത്തിയിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി ഉറപ്പായും ജയിക്കാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കംകുറിക്കണമെന്നു നേതാക്കൾ പറഞ്ഞു. കേന്ദ്രമന്ത്രിമാരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. അനുമോദനം അർപ്പിക്കാനെത്തിയവരുടെ നീണ്ട നിര തുടർന്നതോടെ നിയന്ത്രിക്കാൻ നേതാക്കളും പ്രയാസപ്പെട്ടു.

ജോർജ് കുര്യൻ പ്രസംഗം തുടങ്ങിയപ്പോഴും സുരേഷ് ഗോപിയെ ഹാരാർപ്പണം ചെയ്യാനുള്ളവരുടെ തിരക്കായിരുന്നു. പാലക്കാട് പൗരാവലിയുടെ സമ്മാനമായി കൽപാത്തി തേരിന്റെ മാതൃക സമ്മാനിച്ചു. ഇത്തവണത്തെ കൽപാത്തി തേരിനു താൻ ഉറപ്പായും ഉണ്ടാകുമെന്നു സുരേഷ്ഗോപി ഉറപ്പു നൽകി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ഇ.കൃഷ്ണദാസ്, സി.കൃഷ്ണകുമാർ, എൻ.ശിവരാജൻ, പി.രഘുനാഥ്, എ.കെ.ഓമനക്കുട്ടൻ, സി.ആർ.പ്രഭുൽ കൃഷ്ണ, പി. വേണുഗോപാൽ,  എ.എൻ.അനുരാഗ്, പ്രമീള ശശിധരൻ, പ്രിയ അജയൻ എന്നിവർ പ്രസംഗിച്ചു. 

പാലക്കാടും ചേലക്കരയും നൽകിയാൽ കേരളത്തെ എടുക്കും: സുരേഷ് ഗോപി
പാലക്കാട് ∙ ഉപതിരഞ്ഞെടുപ്പിൽ പാലക്കാടും ചേലക്കരയും നൽകിയാൽ കേരളത്തെ ബിജെപി എടുക്കുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘‘തൃശൂർ എനിക്കു തരണം എന്നു പറഞ്ഞ ശേഷമാണു ഞാൻ എടുക്കുമെന്നു പറഞ്ഞത്. എന്നാൽ, പാലക്കാട് തന്നാൽ കേരളം എടുക്കുമെന്നാണു  പറയുന്നത്. നിന്നാൽ ജയിക്കുന്നവരെ മത്സരിപ്പിക്കണം. തൃശൂരിലെ വിജയം ഒരു തുടക്കം മാത്രമാണ്. ചേലക്കരയിലും പാലക്കാട്ടും നിന്നു കൊളുത്തുന്ന തിരിനാളം 2026ൽ കേരളഭരണം നിർണയിക്കാനുള്ള ശക്തായി ബിജെപിയെ മാറ്റും.’’ ഭരണത്തിൽ സ്വാധീനം ചെലുത്താനും പ്രീണനം ഒഴിവാക്കാനും മതിയായ അംഗങ്ങൾ നിയമസഭയിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് മെഡിക്കൽ  കോളജ് പ്രശ്നം: ഇടപെടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
പാലക്കാട് ∙ പട്ടികജാതിക്കാർക്കു വേണ്ടിയുള്ള ഗവ. മെഡിക്കൽ കോളജിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടില്ലെങ്കിൽ അവിടുത്തെ വിദ്യാർഥികൾക്കു വേണ്ടതു ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെട്രോളിയം കമ്പനികൾ അതിനു തയാറായി നിൽക്കുകയാണ്. താൻ ഏതെങ്കിലും വിഷയത്തിൽ ഇടപെടുമെന്ന് അറിഞ്ഞ ഉടനെ മന്ത്രിമാരെല്ലാം പ്രശ്നപരിഹാരത്തിനു പോകുന്ന പതിവുണ്ട്. അത്തരത്തിൽ പ്രശ്നപരിഹാരമുണ്ടായാൽ സന്തോഷം. പക്ഷേ, അവിടുത്തെ കുട്ടികളുടെ കാര്യത്തിൽ താൻ ഉണ്ടാകും. തൃശൂരിലെ കരുവന്നൂർ പോലെ പാലക്കാട്ട് ബിജെപിയുടെ വിജയത്തിലേക്കുള്ള വഴിയാകും മെഡിക്കൽ കോളജെന്നും അദ്ദേഹം പറഞ്ഞു. 

ആരു നിന്നാലും ജയിപ്പിക്കണമെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഇവിടെ പ്രസംഗിച്ചു. ജയിക്കുന്നവരെ നിർത്തണമെന്നാണ് തനിക്കു പറയാനുള്ളത്. പാലക്കാട്ടും ചേലക്കരയിലും മാത്രമല്ല വയനാട്ടിലും നല്ല പോരാട്ടം നടത്തണം. എല്ലായിടത്തും താൻ പ്രചാരണത്തിൽ ഉണ്ടാകും. വിജയാഘോഷത്തിനും വരും.  ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും സെമിഫൈനലാണ്. 2026 ലെ തിരഞ്ഞെടുപ്പു വിജയമാണ് മുഖ്യമെന്നും സുരേഷ്ഗോപി പറഞ്ഞു. താൻ കേന്ദ്രത്തിൽ പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളിൽ കേരളത്തിനു വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. സംഘടനാപ്രവർത്തനകാലത്ത് പാലക്കാടുമായുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഓർമകൾ പങ്കുവച്ചു. ആർഎസ്എസ് നേതാവ്  എ.ശ്രീനിവാസന്റെ കൊലപാതകത്തിനു പിന്നിലുള്ള സംഘടനയെ 400 ദിവസത്തിനുള്ളിൽ നിരോധിച്ച നരേന്ദ്രമോദി സർക്കാരിന്റെ നടപടി അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ആർഎസ്എസ് നേതാക്കളായ എ.ശ്രീനിവാസൻ, സഞ്ജിത് എന്നിവരുടെ വീടുകൾ ജോർജ് കുര്യൻ സന്ദർശിച്ചു. നഗരസഭാംഗം വി.നടേശനെയും സന്ദർശിച്ചു.

പാലക്കാട് കിട്ടിയാൽ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്ന്: കെ.സുരേന്ദ്രൻ
പാലക്കാട്∙ പാലക്കാട്ടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പിൽ ജയിച്ചാൽ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്നാകുമെന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒഡീഷയിൽ വെറും 19% വോട്ടിൽ നിന്നാണ് ഇത്തവണ ഭരണം പിടിക്കുന്ന അവസ്ഥയിലേക്കു ബിജെപി മാറിയത്. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു മാത്രമാണു വളർച്ച ഉണ്ടായത്. ന്യൂനപക്ഷത്തിലെ ഒരു വിഭാഗത്തിനു വലിയ തോതിൽ ആനുകൂല്യം നൽകി‌‌ മറ്റൊരു വിഭാഗത്തെ അവഗണിക്കുന്ന പ്രീണന നയത്തിനുള്ള തിരിച്ചടിയായിരുന്നു ഇടതുപക്ഷത്തിനെതിരായ തിരഞ്ഞെടുപ്പു ഫലമെന്നും അദ്ദേഹം പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com