ADVERTISEMENT

മണ്ണാർക്കാട്∙ കിഫ്ബിയിൽ ഉൾപ്പെടുത്തി നവീകരണം നടക്കുന്ന അട്ടപ്പാടി, കാഞ്ഞിരപ്പുഴ റോഡുകളുടെ അതിർത്തി നിർണയിച്ച് കല്ലു സ്ഥാപിക്കണമെന്നു താലൂക്ക് വികസന സമിതി. രണ്ടു റോഡുകളിലും കയ്യേറ്റം വ്യാപകമാണെന്ന് അംഗങ്ങൾ. െതങ്കരയിൽ അനധികൃതമായി നികത്തിയ ഭൂമിയിലെ മണ്ണു തിരിച്ചെടുക്കാൻ നിർദേശം നൽകി. നവീകരണം നടക്കുന്ന മണ്ണാർക്കാട് – ചിന്നത്തടാകം റോഡിലെയും ചിറക്കൽപടി – കാഞ്ഞിരപ്പുഴ റോഡിലെയും കയ്യേറ്റം തടയാൻ അടിയന്തര നടപടി വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. 

30 മീറ്റർ വീതിയുള്ള അട്ടപ്പാടി റോഡ് 13 മീറ്ററാക്കി ചുരുക്കിയാണു നവീകരിക്കുന്നത്. റോഡിന്റെ ഇരുവശവും വ്യാപകമായി കയ്യേറ്റം തുടങ്ങിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ റോഡിലും സമാനമായ സ്ഥിതിയാണ്. റോഡിലേക്ക് ഇറക്കി മതിൽകെട്ടി പൂന്തോട്ടം വരെ നിർമാണം ആരംഭിച്ചിട്ടുണ്ട്. കയ്യേറ്റം ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിക്കുകയാണ്. പിന്നീട് ഒഴിപ്പിക്കാൻ വലിയ പ്രയാസമാണുണ്ടാകുക.മണ്ണാർക്കാട് ടൗണിൽ റോഡ് വികസനത്തിനായി 456 കെട്ടിടങ്ങളാണു പൊളിച്ചതെന്ന് ഓർക്കണമെന്നു വികസനസമിതി അംഗം പി.ആർ.സുരേഷ് പറഞ്ഞു. 

കയ്യേറ്റത്തിന്റെ കാര്യം പറയുമ്പോൾ റോഡ് കെആർഎഫ്ബിയുടെ കൈവശമാണെന്നാണു പൊതുമരാമത്ത് വകുപ്പിന്റെ മറുപടി. കയ്യേറ്റങ്ങൾ തടയാൻ എന്തു നടപടി സ്വീകരിച്ചെന്ന് അറിയിക്കാൻ യോഗം നിർദേശം നൽകി.താലൂക്കിൽ പൊതു ആവശ്യങ്ങൾക്കുള്ള സ്ഥലങ്ങൾ സർവേ നടത്താൻ കാലം താമസം വരുത്തില്ലെന്നു തഹസിൽദാർ ഉറപ്പു നൽകി. വാട്ടർ അതോറിറ്റി പൊളിച്ച റോഡുകൾ നന്നാക്കാൻ നടപടി വേണമെന്ന് അംഗങ്ങളായ സന്തോഷ്, മോൻസി തോമസ്, ബാലൻ പൊറ്റശ്ശേരി എന്നിവർ ആവശ്യപ്പെട്ടു.

കുമരംപുത്തൂരിൽ ഹൈലൈറ്റ് മാൾ നിർമിക്കുന്ന സ്ഥലം ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടതല്ലെന്ന വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് പുനഃപരിശോധിക്കണമെന്ന് അംഗം എ.കെ.അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത്, തഹസിൽദാർ എ.മുരളീധരൻ, ഡപ്യൂട്ടി തഹസിൽദാർ സി.വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

വികസന സമിതിയിൽ പങ്കെടുക്കേണ്ടത് ഉയർന്ന ഉദ്യോഗസ്ഥർ

മണ്ണാർക്കാട്∙ താലൂക്ക് വികസന സമിതിയിൽ താലൂക്ക് തലത്തിലെ വകുപ്പു മേധാവികൾ പങ്കെടുക്കാത്തതിനെതിരെ യോഗത്തിൽ വീണ്ടും വിമർശനം. താലൂക്ക് തലത്തിലെ ഉയർന്ന ഉദ്യോഗസ്ഥനോ അദ്ദേഹത്തിന്റെ തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥനോ പങ്കെടുക്കണമെന്നാണു സർക്കാർ ഉത്തരവെന്ന് തഹസിൽദാർ പറഞ്ഞു. ഉത്തരവിന്റെ കോപ്പി സഹിതമുള്ള നോട്ടിസാണു വകുപ്പു മേധാവികൾക്കു നൽകിയത്. മണ്ണാർക്കാട് നഗരസഭ ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പു കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയം ചർച്ചയ്ക്കെടുത്തപ്പോൾ നഗരസഭയെ പ്രതിനിധീകരിച്ച് ആരും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ പങ്കെടുക്കാത്തതിനെതിരെ വിമർശനം ഉയർന്നത്. യോഗത്തിൽ ഉയരുന്ന വിഷയങ്ങൾക്ക് ആധികാരികമായി മറുപടി നൽകാൻ കഴിയുന്നവരെ പങ്കെടുപ്പിക്കണമെന്ന നിർദേശവും ഉയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com