വാഹന ഇൻഷുറൻസ് ഇല്ലെങ്കിൽ എടുപ്പിക്കണം, പിഴ പോരാ: മനുഷ്യാവകാശ കമ്മിഷൻ
Mail This Article
പാലക്കാട്∙ ഇൻഷുറൻസ് പരിരക്ഷയില്ലാതെ ഓടുന്ന വാഹനങ്ങൾ പരിശോധനയിൽ കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷുറൻസ് എടുപ്പിക്കുകയും വേണമെന്നു മനുഷ്യാവകാശ കമ്മിഷൻ. ഇതുസംബന്ധിച്ചു പൊലീസ് ഉദ്യോഗസ്ഥർക്കു കർശനമായ നിർദേശം നൽകണമെന്നു കമ്മിഷൻ ആക്ടിങ് ചെയർമാനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകി.
പലപ്പോഴും റോഡപകടങ്ങൾ കാരണം വഴിയാത്രക്കാരാണു ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്നു കമ്മിഷൻ ചൂണ്ടിക്കാട്ടി. നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ട ബാധ്യത മോട്ടർ വാഹന വകുപ്പിനും പൊലീസിനുമുണ്ട്. 2022 നവംബർ 24നു പാലക്കാട് കയറാംകോട് വാഹനപരിശോധന നടത്തിയ പൊലീസ്, ഇൻഷുറൻസ് ഇല്ലാത്ത മോട്ടർ സൈക്കിൾ കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പരാതിയിൽ കഴമ്പുള്ളതായി പറയുന്നു. കല്ലടിക്കോട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നടത്തിയ പരിശോധനയിലാണ് ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചയാൾക്ക് 2000 രൂപ പിഴയിട്ട ശേഷം വാഹനം വിട്ടുകൊടുത്തത്. ഇതു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതു പൊലീസിന്റെ യശസ്സിനു കളങ്കമുണ്ടാക്കിയെന്നും എസ്ഐക്കു മെമ്മോയും താക്കീതും നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.