ADVERTISEMENT

ഒറ്റപ്പാലം∙ ഈസ്റ്റ് ഒറ്റപ്പാലത്തു വിഭാവനം ചെയ്യുന്ന പുഴയോര പാർക്കിന്റെ ഭാഗമായി തോടിനോടു ചേർന്നു നഗരസഭ നിർമിച്ച സംരക്ഷണ ഭിത്തി തകർന്നു. പാർക്ക് നിർമാണ പദ്ധതിയുടെ നിർവഹണ ഏജൻസിയായ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു ഭൂമി കൈമാറാനിരിക്കെയാണു സംരക്ഷണഭിത്തി നിലംപൊത്തിയത്.തോടിന്റെ പടിഞ്ഞാറെ തീരത്തു 4.21 ലക്ഷം രൂപ മുടക്കി നിർമിച്ച ഭിത്തിയുടെ ഒരു ഭാഗമാണ് ഇന്നലെ തകർന്നത്.വെട്ടുകല്ല് ഉപയോഗിച്ചു നിർമിച്ച ഭിത്തി 20 മീറ്ററിലേറെ ദൂരം തകർന്ന നിലയിലാണ്.

2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ നടപ്പാക്കിയ പദ്ധതിയാണിത്. സംരക്ഷണഭിത്തി തകർന്ന ഭാഗത്തു കനത്ത മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നു. ഭിത്തി നിർമിച്ച ശേഷം നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തോടിന്റെ കരയിലെ നിർദിഷ്ട പദ്ധതിപ്രദേശം മണ്ണിട്ടു നികത്തുകയും ചുറ്റും മറ്റു ഭാഗങ്ങളിൽ കൂടി സംരക്ഷണഭിത്തി നിർമിക്കുകയും ചെയ്തിരുന്നു.നിർമാണത്തിലെ അപാകതയാണു ചുരുങ്ങിയ കാലത്തിനിടെ ഭിത്തിയുടെ തകർച്ചയ്ക്കു വഴിയൊരുക്കിയതെന്ന ആരോപണം വ്യാപകമാണ്. 

അതേസമയം, സംരക്ഷണഭിത്തിയുടെ പുനർനിർമാണത്തിനു പദ്ധതി തയാറാക്കുമെന്നു നഗരസഭ അധികൃതർ അറിയിച്ചു. മഴയിൽ ജലനിരപ്പു കൂടിയതിനൊപ്പം വടക്കുഭാഗത്തു പുതിയ പാലം നിർമാണത്തിന്റെ ഭാഗമായി തോട് താഴ്ത്തിയതോടെ ഒഴുക്കിന്റെ ശക്തി ഇരട്ടിയായതാണു സംരക്ഷണ ഭിത്തി തകരാൻ ഇടയായതെന്നു നഗരസഭാ ഉപാധ്യക്ഷൻ കെ.രാജേഷ് അറിയിച്ചു. ഭിത്തിയുടെ പുനർനിർമാണത്തിന് തോട്ടിലെ ഒഴുക്ക് കുറയണമെന്നിരിക്കെ, ഭൂമി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കൈമാറാനും പാർക്കിന്റെ നിർമാണം തുടങ്ങാനും ഇനിയും സമയമെടുക്കുമെന്ന് ഉറപ്പായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com