പന്നിയങ്കരയിൽ പ്രദേശവാസികൾക്ക് ടോൾ: ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കി സംയുക്ത സമരസമിതി

Mail This Article
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളില്‍ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള തീരുമാനം സംബന്ധിച്ച മന്ത്രിതല ചർച്ച 9ന് തിരുവനന്തപുരത്ത് നടക്കാനിരിക്കെ കമ്പനിയെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി ജനപ്രതിനിധികളെ കണ്ട് നിവേദനം നല്‍കി. ഇന്നലെ മന്ത്രി കെ.രാജൻ, പി.പി.സുമോദ് എംഎൽഎ, കെ.ഡി.പ്രസേനൻ എംഎൽഎ എന്നിവരെ കണ്ടാണ് സമരസമിതി ഭാരവാഹികൾ നിവേദനം നല്‍കിയത്.കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജോർജ് കുര്യനും നിവേദനം നല്‍കി.
ജനകീയവേദി ചെയര്‍മാന്‍ ബോബന്‍ ജോര്‍ജ്, പന്തലാംപാടം ജനകീയ കൂട്ടായ്മ പ്രസിഡന്റ് ജോര്‍സി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ജനപ്രതിനിധികളെ കണ്ടത്. ബിജെപി വടക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.ഗുരുവിന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രി ജോർജ് കുര്യന് പ്രദേശവാസികളെ ടോളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ സംഘടനകളുടെ പ്രതിനിധികളെ ക്ഷണിച്ചിട്ടില്ല. ഇതോടെയാണ് ജനപ്രതിനിധികളെ കണ്ട് തങ്ങളുടെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
പ്രധാന ആവശ്യങ്ങള്‍
∙ അശാസ്ത്രീയമായി സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകൾ കാരണം റോഡിന്റെ എതിർവശത്തുള്ള വീടുകളിലേക്കോ കൃഷിയിടങ്ങളിലേക്കോ പ്രവേശിക്കണമെങ്കിൽ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടതായി വരുന്നു.
∙കുതിരാൻ, വടക്കഞ്ചേരി മേല്‍പാലങ്ങളുടെ ആവർത്തിച്ചുള്ള അറ്റകുറ്റപ്പണികളും അവയുടെ അശാസ്ത്രീയമായ നിര്‍മാണവും പ്രദേശവാസികളുടെയും യാത്രക്കാരുടെയും ജീവനു ഭീഷണി സൃഷ്ടിക്കുന്നു.
∙ ബസ് വേ, സർവീസ് റോഡുകൾ, തെരുവ് വിളക്കുകൾ, ഡ്രെയ്നേജ് സംവിധാനങ്ങൾ എന്നിവ പൂർത്തീകരിച്ചിട്ടില്ല.
∙വടക്കാഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലെ നിവാസികളുടെ വാഹനങ്ങൾക്കും സ്കൂള്‍ വാഹനങ്ങള്‍ക്കും സൗജന്യ യാത്ര എന്ന നിലവിലുള്ള നയം നിലനിർത്തണം.