ADVERTISEMENT

വടക്കഞ്ചേരി ∙ തൃശൂർ-പാലക്കാട് ദേശീയപാതയില്‍ നിന്ന് മംഗലംപാലത്തേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അപകടം തുടര്‍ക്കഥയാകുന്നു. ഇന്നലെ വൈകുന്നേരം നെന്മാറ ഭാഗത്ത് നിന്ന് വന്ന് ബൈപാസ് റോഡില്‍ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കാന്‍ തിരിയുമ്പോള്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് നെന്മാറ സ്വദേശികളായ യുവാക്കള്‍ക്ക് പരുക്കേറ്റു. വടക്കഞ്ചേരി ഭാഗത്ത് നിന്ന് വന്ന ജീപ്പ് ദേശീയപാതയിലേക്ക് തിരിയാന്‍ ശ്രമിക്കുമ്പോള്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വീണെങ്കിലും പരുക്ക് ഗുരുതരമല്ല. കഴിഞ്ഞ വെള്ളിയാഴ്ചയും സമാനമായ അപകടമുണ്ടായി. 

കെഎസ്ആർടിസി ബസുകൾ തമ്മിൽ ഉരസി. ഡ്രൈവര്‍മാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാല്‍ അപകടം ഒഴിവായി. ബസിലുണ്ടായിരുന്ന പത്ത് പേർക്ക് പരുക്കേറ്റു. ദേശീയപാതയിൽ നിന്നു വടക്കഞ്ചേരി ടൗൺ ഭാഗത്തേക്ക് പോകുന്ന ബസ് എതിരെ വന്ന മലബാർ ടൗൺ ടു ടൗൺ ബസിലാണ് ഇടിക്കാൻ ശ്രമിച്ചത്. തൃശൂർ ഭാഗത്തേക്ക് പോകുന്ന ബസിൽ ഉണ്ടായിരുന്നവർക്കാണ് പരുക്കേറ്റത്. ആലത്തൂർ സ്വാതി ജംക്‌ഷൻ കണ്ണംപറമ്പിൽ വീട്ടിൽ ഫെബിന (38), മകന്‍ അമൻ ഹാഷ്മി (10) എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഫെബിന ബസില്‍ തെറിച്ചുവീണു. വേഗത്തിൽ വന്ന ബസ് വടക്കഞ്ചേരി ഭാഗത്തേക്ക് തിരിയാന്‍ ശ്രമിക്കുമ്പോള്‍ എതിരെ വന്ന ബസിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ഇവിടെ സിഗ്നൽ സംവിധാനങ്ങളും വെളിച്ചവും ഇല്ല.

ദേശീയപാതയിൽ നിന്നും മംഗലം ബൈപാസ് റോ‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വാഹനങ്ങൾ ദിവസേന അപകടത്തില്‍പ്പെടുന്നു. പാലക്കാട് ഭാഗത്ത് നിന്നു ദേശീയപാത വഴി വരുന്ന വാഹനങ്ങൾ ബൈപാസ് റോഡിലേക്ക് തിരിയുമ്പോൾ മംഗലം-ഗോവിന്ദാപുരം റോഡുവഴി പോകുന്ന വാഹനങ്ങളെ ശ്രദ്ധിക്കാത്തതാണ് അപകടമുണ്ടാക്കുന്നത്. മുന്നറിയിപ്പ് ബോർഡുകളോ, സിഗ്നൽ സംവിധാനങ്ങളോ ഇവിടെയില്ല. മുൻപ് ഇവിടെ അപകടം സ്ഥിരമായപ്പോൾ തൃശൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പ്രവേശിക്കുന്ന വഴി അടച്ചു. ഇവിടെ ടൈം ട്രാഫിക് സിഗ്നൽ സിസ്റ്റം നടപ്പിലാക്കണമെന്ന ആവശ്യം ദേശീയപാത അതോറിറ്റി ചെവിക്കൊണ്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com