12 അപകടക്കെണിയായി കുമരംപുത്തൂർ – ഒലിപ്പുഴ റോഡിൽ വൻകുഴികൾ

Mail This Article
മണ്ണാർക്കാട്∙ കുമരംപുത്തൂർ – ഒലിപ്പുഴ റോഡിൽ അപകടക്കെണിയായി വൻ കുഴികൾ. കുമരംപുത്തൂർ ചുങ്കം സ്കൂളിനു സമീപത്തെ വലിയകുഴി വൻ ദുരന്തത്തിനു വഴിയൊരുക്കും. കുമരംപുത്തൂർ ചുങ്കം സ്കൂൾ കഴിഞ്ഞുള്ള ചെറിയ വളവിലാണ് റോഡിന്റെ മധ്യത്തിൽ വലിയ കുഴി രൂപപ്പെട്ടത്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽപ്പെടുന്നത് പതിവു സംഭവമായി. മഴയുണ്ടെങ്കിൽ കുഴിയിൽ വെള്ളം നിറഞ്ഞ് കാണാൻ കഴിയില്ല. ഇത് കൂടുതൽ അപകടം വരുത്തും. വാഹനങ്ങൾ ചാടി കുഴിയുടെ ആഴവും വ്യാസവും വർധിച്ചു. കുഴിയുടെ അടുത്ത് എത്തുമ്പോഴാണ് ശ്രദ്ധയിൽപ്പെടുന്നത്. കുഴി കണ്ട് വെട്ടിക്കാനുള്ള ശ്രമവും അപകടത്തിനടയാക്കുന്നുണ്ട്. ചുങ്കം മുതൽ കോട്ടോപ്പാടം വരെ ഇത്തരത്തിലുള്ള കുഴികളുണ്ട്. പ്രതിദിനം ആയിരക്കണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. അടിയന്തരമായി കുഴി അടയ്ക്കാൻ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.