ചോർന്നൊലിക്കുന്ന വീടുകളിൽ ഭീതിയോടെ ഈശ്വരമണ്ണ് നിവാസികൾ

Mail This Article
മണ്ണാർക്കാട്∙ മഴയിൽ ചോർന്നൊലിക്കുന്ന വീടുകളിൽ ഭീതിയോടെയാണ് മണ്ണാർക്കാട് ഈശ്വരമണ്ണ് പട്ടികവർഗ ഗ്രാമത്തിലുള്ളവർ കഴിച്ചുകൂട്ടുന്നത്. വീടുകളുടെ മേൽക്കൂരയും ഭിത്തികളും വിണ്ടു കീറി തകർച്ചയുടെ വക്കിലാണ്. വീടും സ്ഥലവും അനുവദിക്കാമെന്ന വാഗ്ദാനം നടപ്പാക്കിയില്ല.മണ്ണാർക്കാട് നൊട്ടൻമലയുടെ താഴ്വാരത്താണ് ഈശ്വരമണ്ണ് ഗ്രാമം. മണ്ണാർക്കാടിനോട് ചേർന്നാണെങ്കിലും കാഞ്ഞിരപ്പുഴ പഞ്ചായത്ത് പരിധിയിലാണ്. ഒൻപത് വീടുകളാണ് ഇവിടെയുള്ളത്. മിക്ക വീടുകളും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. ചുമരുകളെല്ലാം പൊട്ടി പൊളിഞ്ഞു.
മഴ പെയ്താൽ എല്ലായിടത്തും ചോർച്ചയാണ്. ചോരാത്ത സ്ഥലം നോക്കി വീട്ടിലുള്ളവരെല്ലാം മഴ തോരുംവരെ കൂടിയിരിക്കും. മിക്ക രാത്രികളിലും ഉറങ്ങാൻ കഴിയാറില്ല. ഇടക്കുർശ്ശി ഭാഗത്ത് വീടും സ്ഥലവും അനുവദിക്കുമെന്ന് അധികൃതർ നേരത്തെ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. പുതിയ വീടു കിട്ടുമെന്ന് പറയുന്നതിനാൽ പഴയ വീട് അറ്റുകുറ്റപ്പണിക്കു പോലും സഹായം ലഭിച്ചില്ല. പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ മഴയത്ത് എവിടെയാണ് പോകുകയെന്നാണ് ഗ്രാമത്തിലെ മാതി ചോദിക്കുന്നത്. ചോർച്ചയിൽ നിലം കുതിർന്ന് ചെളിയാകും.
ഈ ചെളിയിൽ ചാക്കും പായയും വിരിച്ചാണ് ഉറങ്ങാറെന്ന് മാതി പറഞ്ഞു. ഗ്രാമത്തിലെ കോങ്ക്രയുടെ വീടിന് അടുക്കളപോലുമില്ല. വീട്ടിലേക്ക് കയറുന്ന ഭാഗത്തെ ചെറിയ സ്ഥലത്ത് മൂന്ന് കല്ലുകൾ വച്ചുണ്ടാക്കിയ അടുപ്പാണ് അടുക്കള. തീ കത്തിച്ചാൽ വീടാകെ പുക നിറയും. വർഷങ്ങൾക്ക് മുൻപ് നിർമിച്ച വീടുകളാണ് ഇവിടെയുള്ളത്. അടുക്കള പോലും നിർമിക്കാതെ വീട് പണി പൂർത്തിയാക്കിയെന്ന രേഖയുണ്ടാക്കി കൈമാറി. പുതിയ വീടും സ്ഥലവും വാഗ്ദാനം അടുത്തൊന്നും യാഥാർഥ്യമാകില്ലെന്നും ഭീതിയില്ലാതെ അന്തിയുറങ്ങാനുള്ള സൗകര്യമെങ്കിലും ഒരുക്കണമെന്നാണ് ഗ്രാമത്തിലുള്ളവരുടെ ആവശ്യം.