പാടശേഖരങ്ങളിൽ മഴ മൂലം നടീൽ വൈകുന്നു

Mail This Article
ആലത്തൂർ∙ കൃഷിഭവനു കീഴിലെ പാടശേഖരങ്ങളിൽ മഴ മൂലം നടീൽ വൈകുന്നു. പാടങ്ങളിൽ വെള്ളം നിറയുകയും ഒഴുകിപ്പോകാത്ത സ്ഥിതിയായതും നട്ട ഞാറുകൾ നശിക്കുകയും രണ്ടും മൂന്നും തവണ നടീൽ നടത്തേണ്ടി വന്നതുമാണു വൈകാൻ കാരണം. ഇനിയും ഒരാഴ്ചയാകും നടീൽ പൂർത്തിയാകാൻ. മഴയ്ക്കു ശേഷം പൊളിഞ്ഞ കഴായിയും മറ്റും നന്നായി ഉറപ്പിച്ചു ചാലുകൾ വൃത്തിയാക്കണം.
∙ വെള്ളം മുങ്ങിക്കിടന്ന പാടത്തു കുമ്മായം ഏക്കറിനു 100 കിലോഗ്രാം വിതറുന്നതു നല്ലതാണ്.
∙ വെള്ളം മുങ്ങി നിൽക്കുന്ന പാടങ്ങളിൽ പായൽ, ചണ്ടി എന്നിവ കൂടുതൽ ഉണ്ടാകാം. കുമ്മായം വിതറിയാൽ പായലും ചണ്ടിയും നശിക്കും. വെള്ളം നിലനിർത്തിക്കൊണ്ടു തന്നെ കുമ്മായം വിതറാം. പൊടിഞ്ഞ കുമ്മായത്തെക്കാൾ ഗുണം പൊടിയാത്ത നീറ്റുകക്കയാണ്.
∙ വെയിലും മഴയും ഉള്ള കാലാവസ്ഥയിൽ ബാക്ടീരിയൽ ഓലകരിച്ചിൽ രോഗം ബാധിക്കാൻ സാധ്യത ഉണ്ട്. പാടം നന്നായി നിരീക്ഷിച്ചു കീടരോഗബാധ ഇല്ല എന്ന് ഉറപ്പു വരുത്തണം
.നടീൽ നടത്തിയ പാടശേഖരങ്ങളിൽ ബാക്ടീരിയൽ ഓലകരിച്ചിലും വ്യാപകമാണ്. ഓരോ ഓലയും പൂർണമായും മുകളിൽ നിന്നും താഴേക്കു കരിഞ്ഞു നുര ഒന്നാകെ വൈക്കോൽ പോലെ കരിഞ്ഞു പോകുന്നതു ബാക്ടീരിയൽ ഓലകരിച്ചിൽ കൊണ്ടാണ്. ഇവ കാണപ്പെട്ടാൽ ബ്ലീച്ചിങ് പൗഡർ ഏക്കറിന് 5 കിലോഗ്രാം ചെറിയ കിഴികൾ കെട്ടി ഇടണം. കരിച്ചിൽ പാടത്തു വ്യാപിക്കുന്നുവെങ്കിൽ ബാക്ട് 805 എന്ന ആന്റിബയോട്ടിക് ഏക്കറിന് 30 ഗ്രാം 100 ലീറ്റർ വെള്ളത്തിൽ പശ കൂടി ചേർത്ത് തളിക്കണം.