പുതുപ്പരിയാരത്തു വീണ്ടും അപകടം; ലോറിയും പിക്കപ് വാനും കൂട്ടിയിടിച്ചു

Mail This Article
പുതുപ്പരിയാരം ∙ പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം തുടർച്ചയായ രണ്ടാം ദിവസവും അപകടം. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഡീസൽ ടാങ്ക് തകർന്ന് ഇന്ധനം പുറത്തേക്കൊഴുകിയെങ്കിലും അത്യാഹിതം ഒഴിവായി. ഒലവക്കോട്ടു നിന്നു മുണ്ടൂർ ഭാഗത്തേക്കു പോകുകയായിരുന്ന ചരക്കുലോറിയും എതിരെ വന്ന പിക്കപ് വാനുമാണു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ചരക്കുലോറിയുടെ മുൻചക്രങ്ങൾ ലീഫ് സഹിതം തകർന്നു.നടപ്പാതയിൽ ഇടിച്ചാണു ലോറി നിന്നത്. സമീപത്തെ വീടിന്റെ മതിലിനും കേടുപാടുകൾ ഉണ്ട്. ഇടിച്ച പിക്കപ് വാൻ എതിർദിശയിലേക്കു തിരിഞ്ഞുപോയി. പിക്കപ് വാൻ ഡ്രൈവർ കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി രാജരത്നത്തിനു പരുക്കേറ്റു. ഇന്നലെ പുലർച്ചെ 3.15നായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാവിലെ ഇവിടെ ബസുകൾ കൂട്ടിയിടിച്ചിരുന്നു.

അപകടം ഒഴിവാക്കാൻ
റോഡിലെ വളവും ഇറക്കവും അമിത വേഗവും അശ്രദ്ധയും മഴയുമാണു മിക്ക അപകടങ്ങൾക്കും കാരണമെന്നാണു മോട്ടർ വാഹനവകുപ്പിന്റെയും പൊലീസിന്റെയും നിഗമനം.
∙ നല്ല ഉപരിതലമുള്ള റോഡിൽ അമിതവേഗവും ടയറിന്റെയും ബ്രേക്കിന്റെയും കാര്യക്ഷമതക്കുറവും പ്രശ്നമാകുന്നു
∙ പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ സ്ഥിരം അപകടമേഖലകൾ സംബന്ധിച്ച് മുന്നറിയിപ്പുകൾ ഇല്ല. വിവിധ ഭാഷകളിൽ മുന്നറിയിപ്പുകൾ വേണമെന്നാണ് ആവശ്യം. രാത്രി വഴിവെളിച്ചവും ഉറപ്പാക്കണം.
∙ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരം, എരുവിൻതോട് ഉൾപ്പെടെ സ്ഥിരം അപകട മേഖലകളിൽ റംപിൾ സ്ട്രിപ്പുകൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. വേഗപരിധി ബോർഡുകളും വേണം
∙ താണാവ് മുതൽ മുണ്ടൂർ ജംക്‌ഷൻ വരെ പൊലീസിന്റെ സ്ഥിരം സാന്നിധ്യം ഉറപ്പാക്കണം.
മുണ്ടൂർ ജംക്‌ഷൻ
ദേശീയപാത മുണ്ടൂർ ജംക്‌ഷനിലെ അപകടാവസ്ഥ പരിഹരിക്കാൻ സംയുക്ത പരിശോധന നടത്തണമെന്നു മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിഡബ്ല്യുഡി ദേശീയപാത വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷമേ പരിഹാര നടപടികൾ നിർദേശിക്കാനാകൂ.