പകർച്ചവ്യാധികൾ പടരുന്നു; സിഎച്ച്സിയിലെ ഡോക്ടർമാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു

Mail This Article
അലനല്ലൂർ ∙ മഴക്കാലം ആരംഭിച്ചതോടെ നാട്ടിൽ വിവിധ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിലും സാധാരണക്കാരുടെ ഏക ആശ്രയമായ സിഎച്ച്സിയിൽ വേണ്ടത്ര ഡോക്ടർമാരില്ലാത്തത് നാട്ടുകാരെ വലയ്ക്കുന്നു. പലഭാഗത്തും മഞ്ഞപ്പിത്തം, പനി, ഡെങ്കിപ്പനി, എന്നിവ പടർന്നു കൊണ്ടിരിക്കുകയാണ്. പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്നും തൊട്ടടുത്തുള്ള വെട്ടത്തൂർ, കോട്ടോപ്പാടം, താഴെക്കോട്, തച്ചനാട്ടുകര, എടപ്പറ്റ, മേലാറ്റൂർ തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുമായി ദിവസേന 500 ൽ പരം രോഗികൾ ഇവിടെ ചികിത്സ തേടി എത്താറുണ്ട്. നിലവിൽ ഇവിടെ 5 ഡോക്ടർമാരാണുള്ളത്.
ഇതിൽ രണ്ടുപേർ ദീർഘ അവധിയിലാണ്. മറ്റു മൂന്ന് പേരിൽ ആരെങ്കിലും അവധി എടുക്കുകയോ മറ്റു സബ്സെന്ററുകളിലോ സേവനം ചെയ്യേണ്ടി വരുന്ന സാഹചര്യം വന്നാൽ രോഗികൾ ഏറെ നേരം കാത്തു നിൽക്കണം. ഇന്നലെ ഒരു ഡോക്ടർ ലീവും സായാഹ്ന ഒപിയിലും സേവനം നടത്തേണ്ടതിനാൽ മറ്റൊരാൾ അൽപം വൈകിയും എത്തിയതിനാൽ രാവിലെ മുതൽ കാത്തുനിൽക്കുന്ന രോഗികൾ ഏറെ വലഞ്ഞു. തിരക്കു കാരണം രോഗികളും കൂടെ വന്നവരും തിങ്ങി നിൽക്കുന്നതിനാൽ പകർച്ച വ്യാധികൾ പടരാനുള്ള സാധ്യതയും ഏറെയാണ്.