റേഷൻ വ്യാപാരി സമരം പൂർണം; ഇന്നും തുടരും

Mail This Article
പാലക്കാട് ∙ റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കുക, കേരളത്തിലെ പൊതുവിതരണ മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കോവിഡ് കാലത്തു കിറ്റുകൾ വിതരണം ചെയ്തതിൽ 10 മാസത്തെ കമ്മിഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു റേഷൻ വ്യാപാരി സംയുക്ത സമിതി നടത്തുന്ന സമരം ജില്ലയിൽ പൂർണം.
ജില്ലയിലെ 936 റേഷൻ കടകളിൽ സംഘടനയുമായി ബന്ധപ്പെട്ട 932 കടകളും തുറന്നു പ്രവർത്തിച്ചില്ലെന്നു വ്യാപാരികൾ അവകാശപ്പെട്ടു. ആലത്തൂർ മേഖലയിൽ രണ്ടു റേഷൻ കടകൾ തുറന്നു. കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ, ധോണി എന്നിവിടങ്ങളിൽ വിവിധ സൊസൈറ്റികൾ നടത്തുന്ന രണ്ടു റേഷൻ കടകളും പ്രവർത്തിച്ചു. സമരം ഇന്നും തുടരും. എന്നാൽ റേഷൻ കടകൾ തുറക്കാത്തതു ജനങ്ങളെ ബാധിച്ചിട്ടില്ലെന്നും നാളെ മുതൽ കടകൾ പ്രവർത്തിക്കുമെന്നും അധികൃതർ പറഞ്ഞു.