രോഗിക്കു കരുതലായി ബസ് ജീവനക്കാർ

Mail This Article
വാണിയംകുളം∙ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിച്ചു സ്വകാര്യ ബസ് ജീവനക്കാരുടെ കരുതൽ. തൃശൂർ–പാലക്കാട് റൂട്ടിൽ ഒറ്റപ്പാലം വഴി സർവീസ് നടത്തുന്ന ‘ഇൻസ്റ്റ’ ബസാണ് അവശനിലയിലായ രോഗിയുമായി അതിവേഗം വാണിയംകുളം പികെ ദാസ് ആശുപത്രിയിലേക്കു കുതിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണു സംഭവം. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ കഞ്ചിക്കോട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ദേഹാസ്വാസ്ഥ്യം. ഓട്ടുപാറയിൽ നിന്നു കയറിയ ഇയാൾക്കു ബസ് കൂനത്തറ പിന്നിട്ട ഘട്ടത്തിലാണു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.ഇതോടെ ബസ് അതിവേഗം വാണിയംകുളത്തെ ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. വൈകാതെ ബസ് നേരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലേക്ക്. സ്വകാര്യ ബസ് കയറി വരുന്നതു കണ്ടതോടെ ആശുപത്രി ജീവനക്കാരും നിമിഷങ്ങൾക്കകം ക്രമീകരണങ്ങളുമായി ഓടിയെത്തി.ബസിൽ നിന്നിറക്കിയ രോഗിയെ അടിയന്തര ചികിത്സയ്ക്കു വിധേയനാക്കി. ഇതിനു ശേഷമാണു ബസ് ആശുപത്രി വിട്ടത്. കണ്ടക്ടർ തൃശൂർ പൈങ്കുളം സ്വദേശി ജിഷ്ണു ലാൽ (27), ഡ്രൈവർ വടക്കാഞ്ചേരി സ്വദേശി രോഹിത് (33), ക്ലീനർ ചെറുതുരുത്തി സ്വദേശി ഗോകുൽ (27) എന്നിവരുടെ അവസരോചിത ഇടപെടലും യാത്രക്കാരുടെ പിന്തുണയുമാണു രോഗിക്കു തുണയായത്. ഇയാളുടെ ആരോഗ്യനില പിന്നീടു മെച്ചപ്പെട്ടു.