ADVERTISEMENT

ചെർപ്പുളശ്ശേരി ∙ വെള്ളിനേഴി നെല്ലിപ്പറ്റക്കുന്നിൽ പശുഫാമിലെ ജലസംഭരണി തകർന്ന് അതിഥിത്തൊഴിലാളി യുവതിയും ഒന്നര വയസ്സുള്ള മകനും മരിച്ചു. ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബസുദേവിന്റെ ഭാര്യ ഷൈമിലി (30), മകൻ സമീറാം എന്നിവരാണു മരിച്ചത്. ബസുദേവും ഷൈമിലിയും ഫാമിലെ തൊഴിലാളികളാണ്. വെള്ളിനേഴി ചെട്ടിയാർതൊടി രതീഷിന്റെ ഫാമിനോടു ചേർന്ന് അഞ്ചടി ഉയരത്തിൽ നിർമിച്ച ജലസംഭരണിയാണു തകർന്നു വീണത്. ഷൈമിലി മകനൊപ്പം വെള്ളമെടുക്കാൻ എത്തിയപ്പോഴാകാം ദുരന്തമെന്നു കരുതുന്നു.

ഫാം ഉടമ രതീഷിനൊപ്പം പുറത്തു പോയിരുന്ന ബസുദേവ് ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണു ജലസംഭരണി തകർന്ന് ഇരുവരും അവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്നതു കണ്ടത്. ഉടൻ ഫാം ഉടമയെ വിളിച്ചുവരുത്തി. ഇവർ പൊലീസിലും അഗ്നിരക്ഷാസേനയിലും അറിയിച്ചു. ഇതിനിടെ നാട്ടുകാരെത്തി ഷൈമിലിയെയും കുട്ടിയെയും പുറത്തെടുത്തെങ്കിലും ഇരുവരും മരിച്ചിരുന്നു. വെട്ടുകല്ലും സിമന്റും ഉപയോഗിച്ച് ഒന്നര വർഷം മുൻപു നിർമിച്ച സംഭരണി തകർന്നു നാലുപാടും അടർന്നു വീണ നിലയിലാണ്. ജലസംഭരണി തകർന്നതിന്റെ ആഘാതത്തിൽ സമീപത്തെ മതിലും തകർന്നടിഞ്ഞു. അപകടകാരണം വ്യക്തമല്ല. കോങ്ങാട്ടു നിന്ന് അഗ്നിരക്ഷാസേനയും ചെർപ്പുളശ്ശേരി പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തും.

പാലക്കാട് വെള്ളിനേഴിയിൽ ജലസംഭരണി തകർന്നു വീണു മരിച്ച ഒന്നര വയസ്സുകാരൻ സമീറാമിന്റെ കുഞ്ഞുടുപ്പു കയ്യിൽ പിടിച്ചു കരഞ്ഞു തളർന്നിരിക്കുന്ന പിതാവ് ബസുദേവ്. ചിത്രം: മനോരമ
പാലക്കാട് വെള്ളിനേഴിയിൽ ജലസംഭരണി തകർന്നു വീണു മരിച്ച ഒന്നര വയസ്സുകാരൻ സമീറാമിന്റെ കുഞ്ഞുടുപ്പു കയ്യിൽ പിടിച്ചു കരഞ്ഞു തളർന്നിരിക്കുന്ന പിതാവ് ബസുദേവ്. ചിത്രം: മനോരമ

വേദനയായി ബസുദേവ്
ചെർപ്പുളശ്ശേരി ∙ ഫാം ഉടമയോടൊപ്പം പുറത്തുപോയി വന്നപ്പോഴേക്കു ഭാര്യയെയും പിഞ്ചുകു‍ഞ്ഞിനെയും നഷ്ടപ്പെട്ട ആഘാതത്തിലാണു ബസുദേവ്. ഇന്നലെ രാവിലെ കുഞ്ഞിനെ കൊഞ്ചിച്ചും കളിപ്പിച്ചും യാത്രപറഞ്ഞുപോയ ബസുദേവ് തിരിച്ചെത്തിയപ്പോഴാണ് അപകട ദൃശ്യം കാണുന്നത്. വാവിട്ടു നിലവിളിച്ച ബസുദേവ് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി.ആറു മാസം മുൻപാണു ബസുദേവ് ഭാര്യയും കുഞ്ഞുമായി ഇവിടെയെത്തിയത്. ഫാമിനോടു ചേർന്ന മുറിയിലായിരുന്നു താമസം. ഫാമിലെ ആറു പശുക്കൾക്കും തീറ്റയും വെള്ളവും കൊടുക്കുന്നതു ഷൈമിലിയായിരുന്നു. അവർ ഇന്നലെ രാവിലെ അരിഞ്ഞുവച്ച പുല്ലുകെട്ടും കണ്ടുനിന്നവരിൽ നൊമ്പരമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com