ജി.ബി റോഡിലെ യാത്രാദുരിതം: യന്ത്രപ്പടി രാത്രി 10.30വരെ പ്രവർത്തിപ്പിക്കും

Mail This Article
പാലക്കാട് ∙ ജി.ബി റോഡിൽ നടപ്പാലം സ്ഥിരമായി അടച്ചതോടെയുള്ള യാത്രാ പ്രതിസന്ധി പരിഹരിക്കാൻ സമീപത്തെ യന്ത്രപ്പടി രാത്രി 10.30 വരെ പ്രവർത്തിക്കും. പിന്നീട് പരിപാലനത്തിനു സ്ഥിരം സംവിധാനമാകുന്നതോടെ യന്ത്രപ്പടി 24 മണിക്കൂറും തുറന്നിടും. കഴിഞ്ഞ ദിവസമാണ് ജി.ബി റോഡിലെ നടപ്പാലം റെയിൽവേ പൂർണമായും അടച്ചത്. സമീപത്തുള്ള യന്ത്രപ്പടി രാവിലെ 7 മുതൽ രാത്രി 9 വരെ മാത്രമേ പ്രവർത്തിപ്പിക്കൂ. പിന്നീട് പൂട്ടിയിടും. ഇതോടെ കഴിഞ്ഞ ദിവസം രാത്രി ഇതുവഴി എത്തിയ യാത്രക്കാർക്കു മുന്നിൽ വഴിയടഞ്ഞു. തുടർന്നു നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ ഇടപെട്ടാണ് താൽക്കാലിക പരിഹാരമെന്ന നിലയിൽ യന്ത്രപ്പടി രാത്രി 10.30 വരെ തുറന്നു പ്രവർത്തിപ്പിക്കാൻ നിർദേശിച്ചത്. രാത്രി 10നു ശേഷം യന്ത്രപ്പടി പ്രവർത്തിപ്പിച്ചില്ലെങ്കിലും പൂട്ടാതെ തുറന്നിടുമെന്നതാണു പ്രധാന ആവശ്യം. ഇതിനായി മുഴുവൻ സമയം ജീവനക്കാരെ നിയോഗിക്കേണ്ടിവരുമെന്നതാണു നഗരസഭ നേരിടുന്ന പ്രതിസന്ധി.
പരിപാലനത്തിന് സ്ഥിരം സംവിധാനം വേണം
യന്ത്രപ്പടി പ്രവർത്തിപ്പിച്ചു തുടങ്ങി മാസങ്ങളായെങ്കിലും പരിപാലനത്തിന് ഇതുവരെ സ്ഥിരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരനെ കാവലിനു നിയോഗിച്ചാണു പ്രവർത്തനം. യന്ത്രപ്പടി ഇടയ്ക്കിടെ പണിമുടക്കുന്നുണ്ട്. യന്ത്രപ്പടിയുടെ പരിപാലനത്തിന് ടെൻഡർ വിളിച്ചു സംവിധാനം ഏർപ്പെടുത്തണമെന്നാണു നിർദേശം. പരസ്യം സ്ഥാപിക്കാനും മറ്റും അനുമതി നൽകിയാൽ ടെൻഡർ വിളിക്കാനും ആളുണ്ടാകും. നഗരസഭയ്ക്ക് അധിക ബാധ്യത ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ നഗരസഭ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വരുന്നത് ഓണക്കാലം
അധികം താമസിയാതെ ഓണക്കാലമാകും. നഗരത്തിൽ തിരക്കേറും. വ്യാപാര സ്ഥാപനങ്ങളും കൂടുതൽ സമയം പ്രവർത്തിക്കും. ഇതെല്ലാം മുന്നിൽ കണ്ട് യന്ത്രപ്പടി 24 മണിക്കൂറും പ്രവർത്തിക്കാനോ രാത്രി തുറന്നിടാനോ നഗരസഭ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. ശകുന്തള ജംക്ഷനെയും ജിബി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന വഴിയാണ് യന്ത്രപ്പടി. ഓണക്കാലത്തും മറ്റും റെയിൽവേ ട്രാക്കിനു കുറുകെയുള്ള നടപ്പാലം വഴി ദിവസവും പതിനായിരത്തിനടുത്ത് യാത്രക്കാർ സഞ്ചരിച്ചിരുന്നതായാണു കണക്ക്. ഇതിൽ ഒട്ടേറെപ്പേർ വൈകിട്ട് 5 മുതൽ രാത്രി 10 വരെ സഞ്ചരിക്കുന്നവരാണ്. യന്ത്രപ്പടി അടിച്ചിട്ടാൽ യാത്രക്കാർ ശകുന്തള ജംക്ഷൻ–ബിഒസി റോഡ്–ടൗൺ റെയിൽവേ മേൽപാലം– റെയിൽവേ സ്റ്റേഷൻ റോഡ് വഴി വേണം ജി.ബി റോഡിലെത്താൻ. ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും.