കോട്ടായി ഗവ. ഹൈസ്കൂൾ ചുറ്റുമതിൽ നിർമാണത്തിനു ഫണ്ട് അനുവദിക്കണം

Mail This Article
കോട്ടായി∙ ഗവ. ഹൈസ്കൂൾ ചുറ്റുമതിൽ നവീകരണത്തിനു ഫണ്ട് അനുവദിക്കാൻ നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നു. സ്കൂൾ ചുറ്റുമതിൽ തകർന്നതോടെ വിദ്യാലയത്തിൽ സാമൂഹിക വിരുദ്ധരുടെ ശല്യം വർധിച്ചു വരുന്നതായി പരാതി. രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണ്. മതിൽ തകർന്ന ഭാഗത്തുകൂടി സാമൂഹിക വിരുദ്ധർ വിദ്യാലയത്തിലേക്കു കയറി നാശനഷ്ടങ്ങൾ വരുത്തുന്നത് പതിവായിട്ടുണ്ട്. ക്ലാസ് മുറികൾ അലങ്കോലപ്പെടുത്തുന്നതും പതിവാണ്. വിവിധ സർക്കാർ ഫണ്ടുകളിൽ നിന്നായി അഞ്ചു കോടിയോളം രൂപ ചെലവഴിച്ച് പുതിയ ബ്ലോക്കുകളുടെ നിർമാണം, അൻപത് ലക്ഷം രൂപ വിനിയോഗിച്ചുള്ള സയൻസ് ലാബിന്റെ സജ്ജീകരണം തുടങ്ങിയവ നടത്തിയെങ്കിലും ചുറ്റുമതിലിന്റെ അഭാവം സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. തകർന്നുകിടക്കുന്ന ചുറ്റുമതിലിനു സമീപത്തുള്ള പാഴ്ച്ചെടികളും കല്ലുകളും വിദ്യാർഥികൾക്ക് ഭീഷണിയാകുന്നതായും പരാതിയുണ്ട്. സ്കൂളിൽ രാത്രി പൊലീസ് പരിശോധന വേണമെന്നും വിദ്യാലയത്തിൽ നേരത്തെ ഉണ്ടായിരുന്ന വാച്ച് മാൻ തസ്തിക പുനഃസ്ഥാപിക്കണമെന്നുമാണു രക്ഷിതാക്കളുടെ ആവശ്യം