ADVERTISEMENT

കോയമ്പത്തൂർ∙ വർഷങ്ങളായി കയ്യേറ്റം കൊണ്ട് വലഞ്ഞ മേട്ടുപ്പാളയം ഊട്ടി റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ദേശീയപാത അധികൃതരെത്തി. ദേശീയപാത ഓഫിസ് മുതൽ ഭവാനി പാലം വരെ 2 കിലോമീറ്ററോളം ദൂരത്തെ കയ്യേറ്റം ഒഴിപ്പിക്കാനാണ് വർഷങ്ങൾക്ക് ശേഷം ദേശീയപാത അധികൃതർ തുനിഞ്ഞത്. എന്നാൽ വലിയ കടകൾക്കു മുന്നിലെ ഓവുചാൽ സ്ലാബുകൾ ജെസിബി ഉപയോഗിച്ച് തകർക്കുകയും കടകൾക്കു മുന്നിലെ പാർക്കിങ്  ബോർഡുകൾ മാത്രം എടുത്തുകൊണ്ടു പോവുകയും ചെയ്തു.വർഷങ്ങളായി ഒഴിപ്പിക്കാനായി  നോട്ടിസ് മാത്രം നൽകുന്ന  ദേശീയപാത അധികൃതരെ വിശ്വസിക്കാത്ത തള്ളുവണ്ടിക്കാരാണ് യഥാർത്ഥത്തിൽ കുടുങ്ങിയത്. തള്ളു വണ്ടികളിൽ ടിഫിൻ കച്ചവടം നടത്തുന്നവരും വഴിയോരക്കച്ചവടക്കാരെയും മാത്രം പൂർണമായി ഒഴിപ്പിച്ച് ദേശീയപാത അധികൃതർ മാതൃകയായി. കിലോമീറ്ററുകളോളം നീളുന്ന കോയമ്പത്തൂർ - കാരമട - മേട്ടുപ്പാളയം - ഊട്ടി റോഡിലും അവിനാശി - മേട്ടുപ്പാളയം റോഡിലും കയ്യേറ്റം ഒഴിപ്പിച്ചില്ല.വൻകിട സ്ഥാപനങ്ങൾക്ക് മുന്നിലെ സിമന്റ് തറകളിൽ കീറൽ  പോലും വീഴ്ത്താതെ സാധാരണക്കാരുടെ കടകൾക്ക് മുന്നിലെ നഗരസഭയുടെ ഓവുചാൽ സ്ലാബുകളടക്കം പൊളിച്ചു നീക്കുകയും ചെയ്ത ദേശീയപാത അധികൃതരുടെ നടപടിയെ സിഐടിയു താലൂക്ക് സെക്രട്ടറി എസ്.ബാഷ വിമർശിച്ചു. കോയമ്പത്തൂർ - നീലഗിരി ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പട്ടണമായ മേട്ടുപ്പാളയത്തിൽ കയ്യേറ്റം ഒഴിപ്പിക്കാനും ഗതാഗതക്കുരുക്ക് നീക്കാനുമായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്നു മുൻ നഗരസഭാ പ്രസിഡന്റ് ഡി.സതീഷ് കുമാർ പറഞ്ഞു. ദേശീയപാത അഡി. ഡിവിഷലൽ എൻജിനീയർ മുരളികുമാറിന്റെ നേതൃത്വത്തിൽ പൊലീസ്, റവന്യു, നഗരസഭ ഉദ്യോഗസ്ഥർ കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com