പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: പ്രവേശനം ലഭിക്കാതെ 5,490 വിദ്യാർഥികൾ

Mail This Article
പാലക്കാട് ∙ പ്ലസ് വൺ ആദ്യഘട്ട സപ്ലിമെന്ററി അലോട്മെന്റിൽ ജില്ലയിൽ നിന്നു പ്രവേശനം നേടിയതു 2,643 വിദ്യാർഥികൾ. 5,490 പേർക്ക് ഇനിയും പ്രവേശനം ലഭിച്ചില്ല. രണ്ടാംഘട്ട സപ്ലിമെന്ററി അലോട്മെന്റിലാണ് ഇവരുടെ ഇനിയുള്ള പ്രതീക്ഷ. 1,710 സീറ്റുകളാണ് ഇനി ഒഴിവുള്ളത്. മറ്റു ജില്ലകളിൽ നിന്നുള്ള അപേക്ഷകരിൽ പലരും അവരുടെ നാട്ടിലെ സ്കൂളുകളിൽ പ്രവേശനം നേടിയിട്ടുണ്ട്. ഈ ഒഴിവുകൾ ചേർത്താലും രണ്ടായിരത്തിലേറെ കുട്ടികൾക്കു പ്രവേശനം ലഭിച്ചേക്കില്ല. ഇവർ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടിവരും. ഒന്നാം അലോട്മെന്റിൽ അപേക്ഷയിലെ പിഴവു കാരണം അലോട്മെന്റ് നിഷേധിക്കപ്പെട്ട 91 വിദ്യാർഥികളും ഇക്കൂട്ടത്തിലുണ്ട്. 672 പേരാണു പുതുതായി അപേക്ഷിച്ചവർ. ബാക്കിയുള്ളവർ ഇതുവരെയുള്ള അലോട്മെന്റിൽ സീറ്റ് ലഭിക്കാത്തവരാണ്. ആകെ അപേക്ഷിച്ച 45,225 പേരിൽ 39,735 പേർക്കാണ് ഇതുവരെ പ്രവേശനം ലഭിച്ചത്. 6,600 പേർ മറ്റു ജില്ലകളിലുള്ളവരാണ്. ഇതിൽ നാലായിരത്തിലേറെ പേർക്ക് അവരുടെ ജില്ലകളിൽ പ്രവേശനം ലഭിച്ചു. സയൻസ് ഗ്രൂപ്പിൽ 17,260, കൊമേഴ്സിൽ 11,300, ഹ്യുമാനിറ്റീസിൽ 8,190 എന്നിങ്ങനെ വിദ്യാർഥികളാണു പ്രവേശനം നേടിയത്. വിഎച്ച്എസ്‍ഇ വിഭാഗത്തിൽ 617 സീറ്റുകൾ ഒഴിവുണ്ട്. ആദ്യഘട്ട സപ്ലിമെന്ററി അലോട്മെന്റ് ഉൾപ്പെടെ ഇതുവരെ 1,483 പേർ പ്രവേശനം നേടി. അടുത്ത സപ്ലിമെന്ററി അലോട്മെന്റ് വരുന്നതോടെ സീറ്റുകൾ പൂർണമായേക്കും.
പ്രവേശനം ഇങ്ങനെ
∙ ജില്ലയിൽ ഉപരിപഠനത്തിനു യോഗ്യത നേടിയവർ: 39,539
∙ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ: 4,265
∙ ആകെ പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷിച്ചവർ: 45,225 (6,600 പേർ മറ്റു ജില്ലകളിൽ നിന്നുള്ളവർ)
∙ ഇതുവരെ പ്രവേശനം നേടിയവർ: 39,735 (ഒന്നാംഘട്ട സപ്ലിമെന്ററി അലോട്മെന്റ് ഉൾപ്പെടെ)
∙ ഇനിയും പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾ: 5,490
∙ ഒഴിവുള്ള സീറ്റുകൾ: 1,710
വിഎച്ച്എസ്ഇയിൽ സീറ്റ് ഒഴിവ്
∙ ആകെ സീറ്റ്: 2,100
∙ അപേക്ഷകർ: 2,230
∙ പ്രവേശനം നേടിയവർ: 1,483
∙ ഒഴിവുള്ള സീറ്റുകൾ: 617