ADVERTISEMENT

കോയമ്പത്തൂർ ∙ ഒട്ടേറെ ഭവന ഭേദനക്കേസുകളിലെ പ്രതി, തമിഴ്നാടിനെ വിറപ്പിച്ച തേനി പെരിയകുളം സ്വദേശി റോഡ് മാൻ എന്നറിയപ്പെടുന്ന എം.മൂർത്തിയും (36) കൂട്ടാളി ഹംസരാജ് മാരിയപ്പനും (26) പിടിയിലായി. വെറും ഇരുമ്പു കമ്പി മാത്രം ഉപയോഗിച്ചു കവർച്ച നടത്തുന്നതു കൊണ്ടാണു മൂർത്തിക്കു റോഡ് മാൻ എന്ന വിളിപ്പേരു വന്നത്. 2020 മുതൽ 68 വീടുകളിൽ നിന്നും ഒട്ടേറെ ജ്വല്ലറികളിൽ നിന്നുമായി 1.76 കോടി രൂപയും 1,500 പവൻ ആഭരണങ്ങളും ഇയാൾ കവർച്ച ചെയ്തിട്ടുണ്ടെന്നു കോയമ്പത്തൂർ സിറ്റി നോർത്ത് പൊലീസ് ഡപ്യൂട്ടി കമ്മിഷണർ ആർ.സ്റ്റാലിൻ പറഞ്ഞു.

കവർച്ച നടത്തിയ ആഭരണങ്ങളും പണവും ഉപയോഗിച്ചു രാജപാളയത്തിൽ നാലരക്കോടി രൂപ മൂല്യമുള്ള സ്പിന്നിങ് മില്ല് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് മൂർത്തിയുടെ ഭാര്യ മധുര ഹൈക്കോടതി ബെഞ്ചിലെ അഭിഭാഷക അനിതയുടെ പങ്കു കുറച്ചു മാസങ്ങൾക്കു മുൻപു കണ്ടെത്തിയത്. അന്ന് അറസ്റ്റിലായ അനിതയും മറ്റൊരു കൂട്ടുപ്രതി സുരേഷും റിമാൻഡിലാണ്. പിടികിട്ടാനുള്ള കൂട്ടുപ്രതികളിലൊരാളായ പ്രകാശിന്റെ ഭാര്യ പ്രിയയും അന്ന് അറസ്റ്റിലായി റിമാൻഡിലാണ്. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളിൽ നിന്നാണ് അന്വേഷണം മൂർത്തിയിലേക്ക് എത്തിയത്.

മില്ലിന്റെ സ്ഥലം പ്ലോട്ടായി തിരിക്കുന്നതിലുണ്ടായ തർക്കവും തുടർന്നു നടന്ന അന്വേഷണവുമാണ് രാജപാളയം പൊലീസ് ഇവരെ പിടികൂടാൻ കാരണമായത്. മൂർത്തിക്കു രാജപാളയം ബസ് സ്റ്റാൻഡിനു സമീപം ഒരു കോടി രൂപയോളം മൂല്യമുള്ള 53 സെന്റ് സ്ഥലം കൂടിയുണ്ട്. അനിതയിൽ നിന്നും അറസ്റ്റിലായ കൂട്ടുപ്രതികളിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ചു പൊലീസ് തയാറാക്കിയ രേഖാചിത്രം വഴിയാണു മൂർത്തിയെ കണ്ടെത്തിയത്. മൂർത്തിയുടെ ബന്ധുക്കളും കൂട്ടാളികളുമായ മനോജ് കുമാർ, സുധാകർ, റാം പ്രകാശ്, പ്രകാശ് എന്നിവരെ ഇനി പിടികിട്ടാനുണ്ട്.

സ്പിന്നിങ് മിൽ കണ്ടുകെട്ടിയതു കൂടാതെ ഇവരിൽ നിന്നു രണ്ടു കാറുകൾ, 13 ലക്ഷം രൂപയുടേതടക്കം 7 ബൈക്കുകൾ, 63 പവൻ ആഭരണങ്ങൾ എന്നിവയും പിടിച്ചെടുത്തു. റെയിൽവേ ട്രാക്കിനോടു ചേർന്ന ചില വീടുകളിൽ ഒറ്റയ്ക്കും മറ്റു ചില വീടുകളിൽ 6 സഹായികൾക്കൊപ്പവുമാണു മൂർത്തി കവർച്ച നടത്തിയത്. ബിരുദധാരിയായ മൂർത്തിയും സംഘവും ചേർന്നു കോയമ്പത്തൂരിൽ മാത്രം 18 വീടുകളിൽ നിന്നായി 376 പവൻ ആഭരണങ്ങൾ കവർന്നിട്ടുണ്ട്. രാജപാളയം, ഒട്ടംഛത്രം എന്നിവിടങ്ങളിൽ 2 വീടുകൾ കുത്തിത്തുറന്ന് 500 പവൻ ആഭരണങ്ങൾ കവർന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പീളമേട് റെയിൽവേ ട്രാക്കിനു സമീപം  വ്യവസായിയുടെ വീട്ടിൽ നിന്നു 10 ലക്ഷം രൂപയും 35 പവൻ ആഭരണവും കവർന്നതാണ് അവസാനത്തെ കേസ്.

English Summary:

Tamil Nadu's Notorious Burglar Nabbed in Major Police Operation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com