ADVERTISEMENT

കൊല്ലങ്കോട് ∙ ക്ലാസിൽ അധ്യാപകർ പകർന്ന പാഠങ്ങൾ മനസ്സിൽ കുറിച്ചിട്ട ആദിവാസി പെൺകുട്ടി ഇനി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറായി (എഇഒ) അധ്യാപകർക്കു മാർഗനിർദേശം നൽകും. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ എഇഒ ആയി ഷോളയൂർ മട്ടത്തുകാട്ടിലെ ഡി.സൗന്ദര്യ (28) കൊല്ലങ്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ ചുമതലയേറ്റു. എസ്ടി വിഭാഗത്തിൽപെട്ടവർക്കായി പിഎസ്‌സി സംസ്ഥാനതലത്തിൽ നടത്തിയ ഹെഡ്മാസ്റ്റർ/എഇഒ സ്പെഷൽ റിക്രൂട്മെന്റിൽ ഒന്നാം റാങ്കുകാരിയായിരുന്നു സൗന്ദര്യ. 2023 സെപ്റ്റംബർ 18നു വയനാട്ടിലെ മേപ്പാടി ഗവ.സ്കൂളിൽ പ്രധാനാധ്യാപികയായി ആദ്യ നിയമനം ലഭിച്ചു. തുടർന്നു പൊതു സ്ഥലംമാറ്റത്തിൽ എഇഒ ആയി കൊല്ലങ്കോട്ടെത്തി.  

ഇരുള വിഭാഗത്തിൽപെട്ട സൗന്ദര്യ ഷോളയൂർ മട്ടത്തുകാട് ജിടിഎച്ച് സ്കൂൾ, അഗളി ജിവിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണു സ്കൂൾ പഠനം പൂർത്തിയാക്കിയത്. ജില്ലാ സ്കൂൾ കലോത്സവത്തിൽ തമിഴ് വിഭാഗത്തിൽ കലാതിലകമായിരുന്നു. പാലക്കാട് ഗവ.വിക്ടോറിയ കോളജിൽ നിന്നു കെമിസ്ട്രിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ സൗന്ദര്യ തൃശൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എജ്യുക്കേഷനിൽ നിന്നു ബിഎഡും നേടി. ബീറ്റ് ഫോറസ്റ്റ് ഓഫിസർ, ലാബ് അസിസ്റ്റന്റ് തുടങ്ങിയ പരീക്ഷകളുടെ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും പഠിച്ചതിനനുസരിച്ചുള്ള ജോലി നേടണം എന്ന ചിന്തയിലാണു പിഎസ്‌സി സ്പെഷൽ റിക്രൂട്മെന്റിന് അപേക്ഷിച്ചത്. അട്ടപ്പാടി അഹാഡ്സിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഇക്കോ ക്ലബിന്റെ ഭാഗമായി ലഭിച്ച വ്യക്തിത്വ വികസന, നൈപുണ്യ പരിശീലനങ്ങൾ ജീവിതത്തിൽ നിർണായകമായതായി സൗന്ദര്യ മനോരമയോടു പറഞ്ഞു. പി.ദുരൈരാജ് – എം.ജ്യോതിമണി ദമ്പതികളുടെ മകളാണ്. കോയമ്പത്തൂരിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ വെമ്പല്ലൂർ എരട്ടോടു സ്വദേശി സി.സുരേഷാണു ഭർത്താവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com