ADVERTISEMENT

കൊല്ലങ്കോട് ∙ മഴക്കാലത്തു ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾ വെള്ളച്ചാട്ടത്തിലേക്കു പോകുമ്പോൾ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല. കൊല്ലങ്കോടും സമീപ പഞ്ചായത്തുകളിലുമായുള്ള വെള്ളച്ചാട്ടം കാണാനായി ഒട്ടേറെ പേരാണ് എത്തുന്നത്. അവധി ദിനങ്ങളിൽ ജില്ലയ്ക്ക് അകത്തു നിന്നും പുറത്തു നിന്നുമായി എത്തുന്നവരിൽ ഏറെയും സ്ഥലപരിചയം കുറഞ്ഞവരാണ്. വനത്തിനകത്ത് അനധികൃതമായി പ്രവേശിക്കുന്നതു ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് ബോർഡുകൾ വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അതു ലംഘിക്കുന്നു.

നെല്ലിയാമ്പതി മലനിരയിലെ പ്രധാന വെള്ളച്ചാട്ടമായ സീതാർകുണ്ട്, വെള്ളരിമേട്, പലകപ്പാണ്ടി, ശുക്രിയാൽ എന്നിവിടങ്ങളിലാണു പ്രധാനമായും സഞ്ചാരികളുടെ തിരക്കുള്ളത്. നെല്ലിയാമ്പതിയിൽ മഴ പെയ്താലും വെള്ളച്ചാട്ടങ്ങളിൽ ഒഴുക്കിന്റെ ശക്തി കൂടും. ഇതു താഴെ നിൽക്കുന്നവർക്കു മനസ്സിലാകില്ല. ഇതിൽ സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായി ഒഴുക്കു കൂടുന്നതിനാൽ അപകടങ്ങൾ പതിവാണ്. 

10 വർഷത്തിനിടയ്ക്കു സീതാർകുണ്ടിൽ മാത്രം അപകടത്തിൽപ്പെട്ടവരുടെ എണ്ണം ഇരുപത്തിയഞ്ചിലധികമാണ്. പത്തോളം പേർക്കു ജീവൻ നഷ്ടപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾക്ക് കാട്ടിനകത്തേക്കു കയറാൻ ഒട്ടേറെ വഴികളുണ്ട്. കാടിനോടു ചേർന്നു കിടക്കുന്ന സ്വകാര്യ തോട്ടങ്ങൾക്കകത്തു കൂടിയെല്ലാം വെള്ളച്ചാട്ടത്തിന്റെ ഭാഗത്തേക്കു പോകാം. വെള്ളച്ചാട്ടങ്ങളുമായി ബന്ധപ്പെട്ട് ഇരുവശത്തും പാറക്കെട്ടുകളുണ്ട്. വലിയ നീരൊഴുക്ക് ഇല്ലെങ്കിലും മഴ പെയ്തു വെള്ളമൊഴുകിത്തുടങ്ങിയാൽ പാറകളിൽ വഴുക്കൽ ഉണ്ടാകും. ഇതു ശ്രദ്ധിക്കാതെ മുന്നോട്ടു പോകുന്നവരാണ് അപകടത്തിൽപ്പെടുന്നതിലേറെയും.

സുരക്ഷയിൽ വീഴ്ച പാടില്ല
രാജ്യത്തെ സുന്ദര ഗ്രാമത്തിന്റെ പട്ടികയിൽ ഇടംപിടിച്ചതു മുതൽ കൊല്ലങ്കോട്ടു സഞ്ചാരികളുടെ തിരക്കാണ്. കൃത്യമായി റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ടെങ്കും സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ജില്ലാ ഭരണകൂടവും വിനോദ സഞ്ചാര വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുൻകൈ എടുത്തു മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനൊപ്പം അപകട മേഖലകളിൽ സംരക്ഷണ വേലി തീർക്കുകയും വേണം.

സ്ഥലത്തെക്കുറിച്ചു കൃത്യമായ ധാരണകളില്ലാതെ വനമേഖലയിലേക്കു കയറുന്നതു മറ്റ് അപകടങ്ങൾക്കും ഇടയാക്കും. ഇതു തടയാൻ നടപടിയുണ്ടാകണം. പറമ്പിക്കുളവുമായി ബന്ധപ്പെട്ട വനമേഖലയിൽ പുലി, ആന എന്നിവയ്ക്കൊപ്പം കടുവയു‌ടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷിതമായ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനു വിനോദ സഞ്ചാര വകുപ്പ് ഫണ്ട് അനുവദിച്ചു സഞ്ചാരികൾക്കു സുരക്ഷയൊരുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com