ഡയപ്പർ, സാനിറ്ററി പാഡ് സംസ്കരണത്തിന് പാലക്കാടൻ മാതൃക; മാസം 100 രൂപ മാത്രം ഈടാക്കും
Mail This Article
പാലക്കാട് ∙ കവറിലാക്കി റോഡിലേക്കു വലിച്ചെറിഞ്ഞിരുന്ന സാനിറ്ററി പാഡും ഡയപ്പറും വീടുകളിൽ നിന്നു ശേഖരിച്ചു സംസ്കരിക്കാൻ പാലക്കാട് നഗരസഭയുടെ പദ്ധതി. ഈടാക്കുന്നതു മാസം 100 രൂപ മാത്രം. ഇതിനു രസീതും നൽകുന്നുണ്ട്. ഹരിതകർമസേനാംഗങ്ങൾ വഴി ഇവ ശേഖരിച്ചു കൂട്ടുപാതയിൽ നഗരസഭയുടെ ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിലെ കമ്യൂണിറ്റി ലവൽ നാപ്കിൻ ഡിസ്ട്രോയർ യൂണിറ്റിലെത്തിച്ചു സംസ്കരിക്കും. നഗരപരിധിയിൽ നിന്നു ദിവസവും 700 മുതൽ 1250 കിലോ വരെ മാലിന്യങ്ങളാണു ലഭിക്കുന്നത്. മാസത്തിൽ 4 തവണ ഹരിതകർമസേനാംഗങ്ങൾ വീട്ടിലെത്തി മാലിന്യങ്ങൾ ശേഖരിക്കും. മറ്റു മാലിന്യങ്ങൾ ശേഖരിക്കുന്നതിനു പുറമേയാണിത്.
ഇത്തരം മാലിന്യങ്ങൾ വേർതിരിച്ചു സൂക്ഷിച്ചുവയ്ക്കണം. ഭൂരിഭാഗം വീട്ടുകാരും മാലിന്യം വേർതിരിച്ചു കൈമാറുന്നുണ്ട്. സംസ്ഥാനത്തു തന്നെ ആദ്യമായി സാനിറ്ററി നാപ്കിൻ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കിയ നഗരസഭയാണ് പാലക്കാട്. ഈ മാതൃക പഠിക്കാൻ തദ്ദേശവകുപ്പ് പ്രതിനിധികളെ അയച്ചിരുന്നു. പദ്ധതി നടപ്പാക്കിത്തുടങ്ങിയതോടെ പാലക്കാട് നഗരത്തിലെ നിരത്തുകൾ ഇത്തരം മാലിന്യങ്ങളിൽ നിന്നു മുക്തമായിത്തുടങ്ങിയിട്ടുണ്ട്. വീട്ടുകാരും പദ്ധതിയുമായി സഹകരിക്കുന്നു.
മാലിന്യ ശേഖരണത്തിന് ഈടാക്കുന്ന ഫീസ് ഹരിതകർമ സേനാംഗങ്ങൾക്കുള്ള വേതനമാണ്. പദ്ധതി പ്രവർത്തിപ്പിക്കാൻ നഗരസഭ മാസം തോറും 5 ലക്ഷം രൂപയാണു നൽകുന്നതെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷ് പറഞ്ഞു. പദ്ധതി വിപുലീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇത്തരം മാലിന്യങ്ങൾ സംസ്കരിക്കാനായി ഇതര പഞ്ചായത്തുകളും പാലക്കാട് നഗരസഭയെ സമീപിക്കുന്നുണ്ട്. ഡയപ്പർ, സാനിറ്ററി പാഡ് പോലുള്ള ബയോ മെഡിക്കൽ മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്കരണത്തിനും എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുന്ന സമഗ്ര ഉത്തരവുണ്ടാകുമെന്ന് സുപ്രീം കോടതി സൂചിപ്പിച്ചിരുന്നു.