ആയുധങ്ങളും ലഹരിവസ്തുവും പിടികൂടിയ കേസ് ജാമ്യത്തിലിറങ്ങി മുങ്ങിയ വ്ലോഗർ കോടതിയിൽ കീഴടങ്ങി
Mail This Article
പുതുശ്ശേരി ∙ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ തോക്ക്, 20 ഗ്രാം മെത്താംഫെറ്റമിൻ, വെട്ടുകത്തികൾ എന്നിവ പിടികൂടിയ കേസിൽ പൊലീസ് അന്വേഷണത്തിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ വ്ലോഗർ കോടതിയിൽ കീഴടങ്ങി. വിക്കി തഗ് എന്ന് അറിയപ്പെടുന്ന ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു (27) ആണു ജില്ലാ കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് കസബ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
4 ദിവസത്തേക്കു പ്രതിയെ കസബ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. 2022 നവംബർ 16നാണ് ചന്ദ്രനഗറിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വിക്കി തഗും സുഹൃത്ത് കൊല്ലം ഓച്ചിറ സ്വദേശി വിനീഷ് തമ്പിയും പിടിയിലായത്. ജാമ്യത്തിലിറങ്ങിയ ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു. തോക്ക് കൈവശംവച്ച കേസിൽ ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി നിരസിച്ചിരുന്നു. കസബ പൊലിസിന്റെ അന്വേഷണത്തിൽ കഴിഞ്ഞ മാർച്ചിൽ കൊച്ചിയിലുള്ള ഫ്ലാറ്റിലെ ഒളിസങ്കേതത്തിൽ നിന്നു വിനീഷ് തമ്പിയെ പിടികൂടി.
എന്നാൽ ഇവിടെ നിന്നു മുങ്ങിയ വിക്കി തഗ് വിവിധ സംസ്ഥാനങ്ങളിൽ യാത്രയിലും ഒളിവിലുമായിരുന്നു. അന്വേഷണം ശക്തമാക്കിയ കസബ പൊലീസിന്റെ പ്രത്യേക ടീം ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെയാണ് ഇന്നലെ ജില്ലാ കോടതിയിലെത്തി കീഴടങ്ങിയത്. യുട്യൂബിൽ 9 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള വിക്കി തഗിന് ഒളിവിൽ കഴിയാൻ പലരിൽ നിന്നും സഹായം ലഭിച്ചിരുന്നെന്നും പൊലീസ് പറയുന്നുണ്ട്. തോക്ക് എവിടെ നിന്നു ലഭിച്ചതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസിനു കണ്ടെത്തണം.