ADVERTISEMENT

കഞ്ചിക്കോട് ∙ കിഴക്കൻമേഖലയിലുള്ള പഞ്ചായത്തുകളിലെ കർഷകരെ കണ്ണീരിലാക്കി കാലവർഷം. കഴിഞ്ഞ 3 ദിവസമായി തുടരുന്ന കനത്ത മഴയിൽ 200 ഏക്കറോളം നെൽക്കൃഷി വെള്ളത്തിലായി. പുതുശ്ശേരി, എലപ്പുള്ളി, കൊടുമ്പ്, പൊൽപ്പുള്ളി, വടകരപ്പതി ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലാണ് കാലവർഷക്കെടുതി രൂക്ഷമായിട്ടുള്ളത്. ചെല്ലങ്കാവ് പാടശേഖരസമിതിയിലെ പൂണ്ടി പ്രദേശത്തെ 20 ഏക്കർ നെൽപാടം പൂർണമായി വെള്ളത്തിലാണ്. 15 കർഷകരുടെ കൃഷിയാണ് ഇവിടെയുള്ളത്.

നടീൽ നടത്തിയതും വിതച്ചതുമായ 15 മുതൽ 30 വരെ ദിവസം മാത്രം പ്രായമായ കതിരാണു വെള്ളത്തിലായത്. പലയിടത്തും വെള്ളം മൂടി കതിർ ചീഞ്ഞ അവസ്ഥയിലായിട്ടുണ്ട്. നെൽപാടങ്ങളെല്ലാം കുളങ്ങൾക്കും തോടുകൾക്കും സമാനമായ രീതിയിൽ വെള്ളം മൂടിയ നിലയിലാണ്. കൃഷി ഉപേക്ഷിക്കുക മാത്രമാണ് കർഷകർക്കു മുന്നിലുള്ള വഴി. പലരും അര ലക്ഷം രൂപയിലേറെ ചെലവഴിച്ചാണ് കൃഷിയിറക്കിയത്. കഞ്ചിക്കോടും പുതുശ്ശേരിയിലും കാട്ടാന ഉൾപ്പെടെ വന്യമൃഗ ശല്യം രൂക്ഷമായ മേഖലയിൽ ഒരുക്കിയ കൃഷിയാണ് നശിച്ചത്.

പ്രതികൂല കാലാവസ്ഥയെയും വന്യമൃഗ ശല്യവും അതിജീവിച്ചാണു മേഖലയിലെ കർഷകർ കൃഷിയിറക്കിയിത്. ഉള്ളതെല്ലാം വിറ്റുപ്പെറുക്കിയും കടം വാങ്ങിയുമാണ് കർഷകർ കൃഷി ചെയ്യുന്നത്. കാലവർഷം ശക്തമായതോടെ പലരും കൃഷി നശിച്ച് പെരുവഴിയിലായി. പുതുശ്ശേരിയിൽ നെൽക്കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടിയുണ്ടായിട്ടുണ്ടെന്നും സ്ഥലങ്ങൾ സന്ദർശിച്ച കൃഷി ഓഫിസർ അലക്സ് അറിയിച്ചു. പ്രകൃതിക്ഷോഭം മൂലം കൃഷിനശിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ കൃഷി വകുപ്പിന്റെ  സോഫ്ട്‌വെയർ വഴി അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com