കണ്ടെയ്നര്‍ ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും കവർന്നു; പിന്നിൽ 13 പേരുടെ സംഘം
Mail This Article
വടക്കഞ്ചേരി ∙ ദേശീയപാതയിൽ കാറിലും ജീപ്പിലും ബൈക്കിലുമായെത്തിയ സംഘം കണ്ടെയ്നര്‍ ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും കവർന്നു. ആന്ധ്രയിൽ നിന്നു കോട്ടയത്തേക്കു കൊണ്ടുപോകുകയായിരുന്ന കാലികളെയാണ് 13 പേരുടെ സംഘം തട്ടിയെടുത്തത്. സംഭവത്തിൽ കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ബി.ഷമീർ (35), ബി.ഷജീർ (31) എന്നിവരെ പൊലീസ് പിടികൂടി. ബാക്കി പ്രതികള്‍ ഒളിവിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ വടക്കഞ്ചേരിയിലാണു സംഭവം. ലോറി തടഞ്ഞു കത്തി കാട്ടി ഭീഷണിപ്പെടുത്തി ഡ്രൈവർ ഉൾപ്പെടെ ലോറിയിലുണ്ടായിരുന്ന 3 പേരെ മറ്റൊരു വാഹനത്തില്‍ കയറ്റിയ ശേഷം ലോറിയുമായി കടക്കുകയായിരുന്നു.
പോത്തുകളെ കിഴക്കഞ്ചേരി വേങ്ങശ്ശേരിയിലെ ആളൊഴിഞ്ഞ പറമ്പിലും മൂരികളെ ആനക്കുഴിപ്പാടത്തുള്ള ഷെമീറിന്റെ ഫാമിലും ഇറക്കി. കണ്ടെയ്നര്‍ ലോറി ദേശീയപാതയോരത്ത് ഉപേക്ഷിച്ചു. കാറില്‍ കയറ്റിയ ലോറി ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു സിം ഊരിമാറ്റി. മണിക്കൂറുകള്‍ക്കു ശേഷം ദേശീയപാതയോരത്തു തന്നെ ഇറക്കി വിട്ടു. ലോറി ഡ്രൈവര്‍ തന്നെയാണു കാലികളെ വാങ്ങിയ കോട്ടയം സ്വദേശി ജോബി ജോർജ്, കായംകുളം സ്വദേശി ആര്‍.ബിനു എന്നിവരെ വിവരം അറിയിച്ചത്.
പരാതിയെത്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പോത്തുകളെയും മൂരികളെയും കണ്ടെത്തിയത്. തുടര്‍ന്ന് ഇറച്ചിക്കച്ചവടക്കാരായ പ്രതികളെ പിടികൂടുകയായിരുന്നു. മറ്റു പ്രതികളെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഒറ്റപ്പാലം സ്വദേശി ഉൾപ്പെടെയുള്ള ഇറച്ചിക്കച്ചവട സംഘത്തെ പൊലീസ് തിരയുന്നുണ്ട്. 15 ലക്ഷത്തോളം രൂപയുടെ കാലികളാണു വാഹനത്തിലുണ്ടായിരുന്നത്.
കുറഞ്ഞ വിലയ്ക്കു കാലികളെ എത്തിച്ചു വളര്‍ത്തി വന്‍ വിലയ്ക്ക് ഇറച്ചിവില്‍പന നടത്തുന്ന സംഘങ്ങളാണു കവർച്ചയ്ക്കു പിന്നിലെന്നു പൊലീസ് പറഞ്ഞു. അതേസമയം, മതിയായ രേഖകൾ ഇല്ലാതെയാണു കാലികളെ കൊണ്ടുവന്നതെന്നും ശരിയായ പരിശോധനകള്‍ ഇല്ലാതെയാണു വാളയാര്‍ ചെക്പോസ്റ്റ് ഉൾപ്പെടെ കടന്നതെന്നും പൊലീസ് പറഞ്ഞു. വടക്കഞ്ചേരി എസ്ഐ ജീഷ്മോൻ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്.