തർക്കം ഒറ്റപ്പാലം കുടുംബകോടതിയിൽ എത്തിയാൽ കിട്ടും ‘ഷോക്ക്’ അടി

Mail This Article
ഒറ്റപ്പാലം ∙ മഴക്കാലമാണ്, ഒറ്റപ്പാലത്തെ കുടുംബ കോടതിയിൽ പോകുന്നവർ ജാഗ്രത പാലിക്കണം. കോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ചുമരിൽ തൊട്ടാൽ വൈദ്യുതാഘാതമേൽക്കാൻ സാധ്യതയുണ്ട്.‘ഭിത്തിയിൽ സ്പർശിക്കരുത്, ഷോക്കടിക്കും’ എന്നു കോടതിയുടെ ചുമരിൽ എഴുതിയൊട്ടിച്ച പോസ്റ്റർ കാണാം. കെട്ടിടത്തിലെ ചോർച്ചയും കാലപ്പഴക്കം ബാധിച്ച വയറിങ് സംവിധാനവുമാണ് അപകടഭീഷണിയാവുന്നത്. ഒറ്റപ്പാലത്തു കുടുംബ കോടതി സ്ഥാപിതമായതു 2013ലാണ്. അക്കാലത്തു സർക്കാർവക കെട്ടിടങ്ങളൊന്നും ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ ബാർ അസോസിയേഷൻ മുൻകയ്യെടുത്തു കണ്ടെത്തിയ വാടകക്കെട്ടിടമാണിത്.
ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കുകളിലെ കേസുകൾ പരിഗണിക്കുന്ന കുടുംബ കോടതിയാണിത്. പ്രതിദിനം 125 മുതൽ 150വരെ കേസുകളാണ് ഇവിടെ പരിഗണിക്കുന്നത്. കോടതി ജീവനക്കാർ ഉൾപ്പെടെ ദിവസവും 200 മുതൽ 300 വരെ ആളുകൾ ഇവിടെ വന്നു പോകുന്നു. കാലപ്പഴക്കം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻനിർത്തി കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ഉടമയും ആവശ്യപ്പെട്ടിട്ടു. സൗകര്യപ്രദമായ മറ്റൊരു കെട്ടിടം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കോടതിയുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന ആശങ്കയുമുണ്ട്. ഒറ്റപ്പാലത്തെ വിവിധ കോടതികളെ ഒരേ മേൽക്കൂരയ്ക്കു കീഴിലാക്കാൻ 2012ൽ വിഭാവനം ചെയ്ത കോർട്ട് കോംപ്ലക്സ് പദ്ധതി ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്.