മുങ്ങിത്താഴ്ന്ന അമ്മയെയും സഹോദരിയെയും രക്ഷിച്ച് ശ്രീകാന്ത്

Mail This Article
തിരുമിറ്റക്കോട് ∙ കുളത്തിൽ മുങ്ങിത്താഴ്ന്ന അമ്മയെയും അമ്മാവന്റെ മകളെയും രക്ഷപ്പെടുത്തി പത്താം ക്ലാസുകാരൻ. തിരുമിറ്റക്കോട് പഞ്ചായത്ത് ഒഴുവത്ര വടക്കത്ത് വീട്ടിൽ കൃഷ്ണകുമാറിന്റെ മകൻ ശ്രീകാന്ത് (14) ആണ് അമ്മ രമ്യ, അമ്മാവന്റെ മകൾ സന്ധ്യ എന്നിവരെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയത്. 30നു വൈകിട്ട് നാലോടെയാണു സംഭവം. വീടിനടുത്തുള്ള നെൽപാടത്തു 300 മീറ്റർ അകലെയുള്ള നിറഞ്ഞുകവിഞ്ഞു കിടക്കുന്ന കുളം കാണാൻ രമ്യയും സന്ധ്യയുമടക്കം കുടുംബത്തിലെ 3 സ്ത്രീകളും 2 കുട്ടികളും പോകുകയായിരുന്നു.കുളത്തിന്റെ ഒരു ഭാഗത്തു വെള്ളം വന്നു ചാടുകയും മറുഭാഗത്തു കൂടി ഒലിച്ചുപോകുകയും ചെയ്യുന്നുണ്ട്. കൗതുകം തോന്നിയ സന്ധ്യ ആദ്യം കുളത്തിലിറങ്ങി.
അൽപദൂരം നീന്തി വെള്ളത്തിലെ ഒഴുക്കുള്ള ഭാഗത്തെത്തി. അവിടെനിന്നു തിരിച്ചുനീന്താൻ ശ്രമിച്ചപ്പോഴേക്കും കൈകാലുകൾ കുഴഞ്ഞു മുങ്ങാൻ തുടങ്ങി. ഇതു കണ്ട രമ്യ രക്ഷിക്കാനായി നീന്തി അടുത്തെത്തിയെങ്കിലും ഇരുവരും മുങ്ങിത്താഴുകയായിരുന്നു. കരയിലുണ്ടായിരുന്ന മറ്റുള്ളവർക്കു നീന്തൽ അറിയില്ലായിരുന്നു.രണ്ടു പേരും മുങ്ങാൻ തുടങ്ങിയതോടെ വീടിനടുത്തുണ്ടായിരുന്ന ശ്രീകാന്തിനെ വിളിച്ചുവരുത്തി. ഓടിയെത്തിയ ശ്രീകാന്ത് കുളത്തിലേക്ക് എടുത്തുചാടി ആദ്യം സന്ധ്യയെ രക്ഷിക്കാൻ ശ്രമിച്ചു. സ്വന്തം അമ്മ തൊട്ടടുത്തു മുങ്ങിത്താഴുമ്പോഴും മനോധൈര്യം കൈവിടാതെ സന്ധ്യയുടെ വസ്ത്രത്തിൽ പിടിച്ചു വലിച്ചു കരയ്ക്കെത്തിച്ചു.
കരയിലുണ്ടായിരുന്നവരെ ഏൽപിച്ച ശേഷം വീണ്ടും അമ്മ മുങ്ങിത്താഴുന്ന സ്ഥലം ലക്ഷ്യമാക്കി കുതിച്ചു. അമ്മയുടെ കാലിൽ പിടിച്ചു വലിച്ച് അവരെയും കരയ്ക്കെത്തിച്ചു. ജീവിതത്തിനും മരണത്തിനുമിടയിൽ ശ്രീകാന്തിന്റെ സമയോചിതമായ ഇടപെടലാണ് ഇരുവരുടെയും ജീവൻ രക്ഷിച്ചത്.ചാത്തന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണു ശ്രീകാന്ത്. സഹോദരൻ: ശ്രീരാഗ്. അച്ഛൻ കൃഷ്ണകുമാർ വിദേശത്താണ്. ശ്രീകാന്തിന്റെ ധീരതയെ നാട്ടുകാർ അഭിനന്ദിച്ചു. അതേസമയം, സംഭവമുണ്ടായ കുളത്തിൽ ഇതിനു മുൻപു മുങ്ങി മരണങ്ങൾ ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.