പട്ടാമ്പിയും തൃത്താലയും ഒന്നിച്ചു; പട്ടാമ്പി പാലത്തിൽ കാൽനട അനുവദിച്ചു

Mail This Article
പട്ടാമ്പി ∙ നാടൊരുമിച്ചു പറഞ്ഞു. പട്ടാമ്പി പാലം പൂർണമായും ദിവസങ്ങളോളം അടച്ചിടരുത്. കാൽനടയാത്ര അനുവദിച്ചേ മതിയാകൂ. ചെറിയ വാഹനങ്ങളും കടത്തിവിടണം. ജനസമ്മർദമേറിയപ്പോൾ മന്ത്രി എം.ബി.രാജേഷ് ഇടപെട്ടു. തകർന്ന കൈവരികൾ പൂർണമായും പുനഃസ്ഥാപിച്ചേ പാലം ഗതാഗതത്തിനു തുറന്നു നൽകൂ എന്ന അധികൃതരുടെ നിലപാടിൽ മാറ്റം വന്നു. പാലം തുറക്കണമെന്ന ആവശ്യം ശക്തമായതോടെ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തി. പുഴയുടെ കുത്തൊഴുക്കിൽ പാലത്തിനു കാര്യമായ തകരാറില്ലെന്ന് ഉറപ്പ് വരുത്തി പാലത്തിലൂടെ വഴിയാത്ര അനുവദിക്കാൻ തീരുമാനിച്ചു. അടുത്തഘട്ടത്തിൽ ചെറിയ വാഹനങ്ങൾക്കും പോകാം .
ഭാരതപ്പുഴ കര കവിഞ്ഞൊഴുകിയതിനെ തുടർന്നാണു പട്ടാമ്പി പാലം കഴിഞ്ഞ ദിവസം അടച്ചത്. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷം പാലം കാൽനട യാത്രയ്ക്കായി തുറന്നു കൊടുക്കുമെന്നു മുഹമ്മദ് മുഹസിൻ എംഎൽഎ അറിയിക്കുകയായിരുന്നു. പുഴയുടെ ശക്തമായ ഒഴുക്കിനൊപ്പം ഒഴുകിയെത്തിയ മരത്തടികളും ഇരുമ്പു കഷണങ്ങളും കോൺക്രീറ്റ് മാലിന്യവും മറ്റും പാലത്തിൽ വന്നടിച്ചു കൈവരികൾ തകർന്നിരുന്നു. പാലത്തിനു ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണു പരിശോധന നടത്തിയത്.
മെയിൻ സ്ട്രക്ചറിനു കാര്യമായി ഒന്നും സംഭവിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. പാലത്തിലൂടെയുള്ള യാത്ര മുടക്കരുതെന്നു പട്ടാമ്പിയും തൃത്താലയും ഒരുമിച്ച് ആവശ്യപ്പെട്ടതോടെയാണു പാലം സന്ദർശിച്ചു മന്ത്രി എ.ബി.രാജേഷ് ബന്ധപ്പെട്ട വകുപ്പുകളോട് അടിയന്തര നടപടിക്കു നിർദേശം നൽകിയത്.
പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ റിജോ റിന്ന, അസി.എക്സിക്യൂട്ടീവ് എൻജിനീയർ സിനോജ് ജോയ്, ഓവർസീയർ പ്രിൻസ് ആന്റണി എന്നിവരാണു പരിശോധനയ്ക്കു നേതൃത്വം നൽകിയത്. മുഹമ്മദ് മുഹസിൻ എംഎൽഎ, നഗരസഭാധ്യക്ഷ ഒ.ലക്ഷ്മിക്കുട്ടി, ഉപാധ്യക്ഷൻ ടി.പി.ഷാജി, പട്ടാമ്പി, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരായ വി.പി.റജീന, ഗീത മണികണ്ഠൻ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, തുടങ്ങിയവരും പരിശോധന സമയത്തു പാലത്തിൽ എത്തിയിരുന്നു. രാത്രി വൈകി പാലത്തിൽ വഴി യാത്ര അനുവദിച്ചു തുടങ്ങി.