വയനാട് പാഠമാകുന്നില്ല; പുലാശ്ശേരിയിലെ വിവാദ പാറമട ഖനനം തുടരുന്നു

Mail This Article
കൊപ്പം ∙ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നാടു മുഴുവന്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും പുലാശ്ശേരിയിലെ വിവാദ പാറമട നിയമങ്ങള്‍ മറികടന്നു പ്രവര്‍ത്തിക്കുന്നുവെന്നു പരാതി. കൊപ്പം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പാറമടയ്ക്കെതിരെ തുടക്കം മുതല്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. പാറമടയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കരുതെന്നു പലതവണ പറഞ്ഞിട്ടും അധികൃതര്‍ അവഗണിച്ചു. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന ചെളമ്പ്രക്കുന്നിനോടു ചേര്‍ന്നാണു പാറമടയ്ക്ക് അനുമതി നല്‍കിയത് എന്നതാണു നാട്ടുകാരുടെ പ്രതിഷേധത്തിനു കാരണം.
പുലാശ്ശേരിക്കാരുടെ പ്രതിഷേധം അവഗണിച്ച് അധികൃതര്‍ നല്‍കിയ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന പാറമട നിറയെ വെള്ളം സംഭരിച്ചു നിര്‍ത്തിയതാണു പുതിയ ഭീഷണി. ഇതിനു പുറമേ പാറമടയില്‍ പാറപൊട്ടിച്ചുള്ള പ്രവൃത്തികളും നടക്കുന്നുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു പഞ്ചായത്ത് അധികൃതര്‍ സ്ഥലം പരിശോധിച്ചു. തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന ചെളമ്പ്രക്കുന്നിനോടു ചേര്‍ന്ന പാറമടയുടെ പരിസരത്തു താമസിക്കുന്ന എട്ടോളം കുടുംബങ്ങളെ കൊപ്പത്തെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരുന്നു. മുന്നറിയിപ്പു നല്‍കിയിട്ടും പാറമടയുടെ പ്രവര്‍ത്തനം തുടരുന്നതില്‍ നാട്ടുകാര്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്നു പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ ഉടമയോട് ആവശ്യപ്പെടുമെന്നു പഞ്ചായത്ത് അധ്യക്ഷന്‍ ടി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.