വെള്ളംകയറുന്നത് ഒഴിവാക്കാൻ നടപടി: മന്ത്രി എം.ബി.രാജേഷ്

Mail This Article
പാലക്കാട് ∙ വെള്ളംകയറുന്ന പ്രദേശങ്ങളിലെ വീടുകൾക്കു സമീപമുള്ള തോടുകൾക്ക് അരികുഭിത്തി നിർമിച്ചു നൽകാനുള്ള നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. കുമരപുരം ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിക്കുകയായിരുന്നു മന്ത്രി. ക്യാംപുകളിലെ വയോജനങ്ങൾക്കു ഡോക്ടർമാരുടെ സേവനം നൽകാനും മന്ത്രി നിർദേശം നൽകി. തകർച്ചാ ഭീഷണിയിലുള്ള തന്റെ വീട് സംരക്ഷിക്കാൻ നടപടി വേണമെന്ന് ശംഖുവാരത്തോട്ടിൽ താമസിക്കുന്ന വയോധിക കമലമ്മ മന്ത്രിയോട് അപേക്ഷിച്ചു.
സ്ഥലം പരിശോധിച്ച് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കാമെന്ന് എം.ബി.രാജേഷ് മറുപടി നൽകി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 200 പേരാണ് ക്യാംപിലുള്ളത്. നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ, ജില്ലാ കലക്ടർ ഡോ. എസ്.ചിത്ര, വൈസ് ചെയർമാൻ ഇ.കൃഷ്ണദാസ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി.സ്മിതേഷ്, പി.സാബു, ടി.എസ്.മീനാക്ഷി, കൗൺസിലർമാരായ സുഭാഷ് കൽപാത്തി, ഡി.ഷജിത്ത് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ അവലോകന യോഗത്തിലും മന്ത്രി പങ്കെടുത്തു. തോണിപ്പാളയം വിനായക എസ്‌സി കോളനിയിൽ വെള്ളം കയറുന്നതു തടയാൻ സർക്കാർ ഫണ്ടിൽ അരികുഭിത്തിക്ക് നടപടിയെടുക്കണമെന്ന് കൗൺസിലർ സുഭാഷ് ആവശ്യപ്പെട്ടു. വീട് തകർച്ചാ ഭീഷണിയിലുള്ളവർക്ക് ലൈഫിൽ അതു പുനനിർമിക്കാനാവശ്യമായ നടപടി നഗരസഭയുമായി കൂടിയാലോചിക്കും.
വീടുകളിലെ ശുചീകരണം പൂർത്തിയായാൽ ബലക്ഷയം സംഭവിച്ച മൂന്നു വീടുകളിലെ ആളുകൾ ഒഴികെയുള്ളവർക്ക് ക്യാംപിൽ നിന്നു മടങ്ങാനാകുമെന്നും മന്ത്രി പറഞ്ഞു. ക്യാംപുള്ള കുമരപുരം സ്കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിനു റാംപ് സംവിധാനം േവണമെന്ന് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരിയായ അധ്യാപിക ശ്രീകല മന്ത്രിക്കു നിവേദനം നൽകി. കുമാരസ്വാമി കോളനിയിലെ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാംപും വെള്ളംകയറിയ കൽപാത്തി, സുന്ദരം കോളനി എന്നിവിടങ്ങളും മന്ത്രി സന്ദർശിച്ചു.