ADVERTISEMENT

ഒറ്റപ്പാലം∙ പ്രളയം അതിജീവിക്കാൻ സാങ്കേതികവിദ്യയുടെ കരുത്തിൽ വീട് ഉയർത്തിയാൽ പ്രതീക്ഷിച്ച ഗുണം ലഭിക്കുമോയെന്ന സംശയത്തിന് ഇവിടെയുണ്ട് കൃത്യമായ ഉത്തരം. ഒറ്റരാത്രി കൊണ്ട് അപ്രതീക്ഷിതമായി ആർത്തലച്ചെത്തിയ വെള്ളം സൃഷ്ടിച്ച പ്രളയസമാനമായ സാഹചര്യത്തിലും തല ഉയർത്തി നിൽക്കുകയായിരുന്നു കണ്ണിയംപുറം ഗാന്ധി നഗർ കൊയിലത്ത് സുനിലിന്റെ ഇരുനില വീട്. 2018ലെയും 19ലെയും പ്രളയങ്ങൾക്കിപ്പുറം സാങ്കേതികവിദ്യ ഉപയോഗിച്ചു മുൻപുണ്ടായിരുന്നതിൽ നിന്ന് അഞ്ചടിയോളം ഉയർത്തിയ വീട്ടിൽ ഇത്തവണ തുള്ളി വെള്ളം കയറിയില്ലെന്നതാണു കുടുംബത്തിന്റെ ആശ്വാസം. തുടർച്ചയായ പ്രളയങ്ങളിൽ മുങ്ങിയ വീട് ഇത്തവണ   അതിജീവിച്ചതു റിട്ട.ബാങ്ക് ഉദ്യോഗസ്ഥർ സുനിലിന്റെയും ഭാര്യ ലത എസ്.മേനോന്റെയും ദീർഘവീക്ഷണത്തിന്റെ കൂടി വിജയമാണ്. 

കഴിഞ്ഞ ദിവസം വീടിന്റെ പരിസരങ്ങളെല്ലാം ഒറ്റപ്പെട്ടപ്പോൾ മുൻകരുതൽ എന്ന നിലയിൽ നഗരത്തിലെ ഹോട്ടൽ മുറിയിലേക്കു താൽക്കാലികമായി മാറിയെങ്കിലും ഇത്തവണ ഗേറ്റിന്റെ താഴെ വരെ മാത്രമാണു വെള്ളമെത്തിയതെന്നു ദമ്പതികൾ പറയുന്നു. പ്രദേശത്തു മറ്റെല്ലാ വീടുകളിലും വെള്ളം കയറിയപ്പോൾ സുനിലിന്റെ വീട് സുരക്ഷിതമായ തല ഉയർത്തി നിന്നു. മഴ മാറി തിരിച്ചെത്തിയപ്പോൾ വെള്ളമോ ചെളിയോ മാലിന്യങ്ങളോ കയറാതെ വീടും അകത്തെ സാമഗ്രികളുമെല്ലാം തീർത്തും സുരക്ഷിതം. പൂട്ടു തുറന്നു നേരെ സാധാരണ ജീവിതത്തിലേക്ക്. 

2018ലെ പ്രളയത്തിലാണു വെള്ളം കയറി വീടിനും ഗൃഹോപകരണങ്ങൾക്കും ഉൾപ്പെടെ സാരമായ നാശനഷ്ടം സംഭവിച്ചത്. തൊട്ടടുത്ത വർഷവും ഇത് ആവർത്തിച്ചു. രണ്ടു വർഷങ്ങളിലും വീട് ഉപയോഗയോഗ്യമാക്കാൻ വലിയ സംഖ്യയും ചെലവായി. പിന്നീടാണു സുനിലിന്റെ ഭാര്യ ലത ഇന്റർനെറ്റിൽ തിരഞ്ഞു പരിഹാരമാർഗം കണ്ടെത്തിയത്. 2022ൽ കോഴിക്കോട്ടെ സ്വകാര്യ കമ്പനിയെ വീട് ഉയർത്താനുള്ള ദൗത്യം ഏൽപിച്ചു. 

2500 ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില വീടാണ് അഞ്ചടിയോളം ഉയർത്തിയത്. ഏറ്റവും അധികം വെള്ളം കയറിയ 2019ലെ കണക്കു പരിഗണിച്ചായിരുന്നു അഞ്ചടിയോളം ഉയർത്താൻ തീരുമാനം. 12 ലക്ഷത്തോളം രൂപയായിരുന്നു ചെലവ്. വീടിനെ മണ്ണിൽ നിന്നു വേർപെടുത്തി നൂറ്റിഅൻപതോളം ജാക്കികൾ സ്ഥാപിച്ചു ഘട്ടംഘട്ടമായാണു പദ്ധതി പൂർത്തിയാക്കിയത്. 

അടിത്തറയിൽ ബെൽറ്റ് കെട്ടി അടിയിൽ മണ്ണു നിറച്ച് കല്ലുകൊണ്ടു പടുത്താണു വീടിനെ ജാക്കികളിൽ നിന്ന് ഇറക്കി ഉറപ്പിച്ചത്. പിന്നീട് വീടിന്റെ ഉയരത്തിന് ആനുപാതികമായി മുറ്റത്തിന്റെ രൂപവും മാറ്റി. ദമ്പതികളും ബാങ്ക് ഉദ്യോഗസ്ഥനായ മകൻ ആദിത്യനും ഉൾപ്പെട്ടതാണ് ഇവരുടെ കുടുംബം. വീടും സ്ഥലവും വിൽക്കാനുള്ള മടി കൊണ്ടാണ് അതിജീവന മാതൃക തിരഞ്ഞെടുത്തതെന്നു കുടുംബം പറയുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com