മഴ: 27.9 കോടിയുടെ നഷ്ടം; കെഎസ്ഇബിക്കു 18.90 കോടി രൂപയുടെ നഷ്ടമുണ്ടായി
Mail This Article
പാലക്കാട് ∙ ജില്ലയിൽ ഒരാഴ്ചയ്ക്കിടെ പെയ്ത മഴയിൽ 27.90 കോടി രൂപയുടെ നഷ്ടമെന്നു റവന്യു വകുപ്പിന്റെ കണക്ക്. ഇതിനു പുറമേ കെഎസ്ഇബിക്കു 18.90 കോടി രൂപയുടെ നഷ്ടമുണ്ടായി. 16 വീടുകൾ പൂർണമായും 141 വീടുകൾ ഭാഗികമായും തകർന്നു. വ്യാപാര സ്ഥാപനങ്ങൾ (11), മതിൽ തകർന്ന വീടുകൾ (29), വെള്ളം കയറി നാശമുണ്ടായ വീടുകൾ (97), വെള്ളം കയറി നാശമുണ്ടായ വ്യാപാര സ്ഥാപനങ്ങൾ (17), കോഴി ഫാം (3), കാലിത്തൊഴുത്ത് (23), മത്സ്യക്കൃഷി ഫാം (3), റബർ ഷീറ്റ് പുര (4), കൃഷി ആവശ്യത്തിനുള്ള സ്റ്റോർ (6), വാഹനങ്ങൾ (11) എന്നിങ്ങനെയാണു നാശം.
വാഴ, കുരുമുളക്, വിവിധ പഴം–പച്ചക്കറി തോട്ടം ഉൾപ്പെടെ 229 ഏക്കർ കൃഷി നശിച്ചു. നൂറേക്കറോളം നെൽക്കൃഷി വെള്ളത്തിനടിയിലായി. 29നു പെയ്ത കനത്ത മഴയിലാണു കൂടുതൽ നാശം. അന്നു മൂന്നു ജീവൻ പൊലിഞ്ഞു. മരം വീണും വീടിന്റെ ചുമരിടിഞ്ഞു വീണും 9 പേർക്കു പരുക്കേറ്റു. ഇന്നലെ കാര്യമായ മഴ പെയ്തില്ലെങ്കിലും ജാഗ്രത നിർദേശമുണ്ട്. 11 വരെ ശക്തമായ മഴ ഉണ്ടാകില്ലെന്നാണു കാലാവസ്ഥ വിദഗ്ധരുടെ നിരീക്ഷണം. എന്നാൽ ജാഗ്രത തുടരും.
കെഎസ്ഇബി: ഒറ്റദിവസം നഷ്ടം 9.8 കോടി
ജില്ലയിൽ മഴക്കെടുതിയിൽ പാലക്കാട്, ഷൊർണൂർ ഇലക്ട്രിക് സർക്കിളുകളിലായി 18.9 കോടി രൂപയുടെ നഷ്ടം. 310 വൈദ്യുതി പോസ്റ്റുകൾ തകർന്നു. 13 ട്രാൻസ്ഫോമറുകൾ നശിച്ചു. 279 സ്ഥലത്തു വൈദ്യുതി ലൈൻ പൊട്ടി വീണു. 29നു രാത്രി പെയ്ത മഴയിലാണു കൂടുതൽ നാശം. അന്നു മാത്രം 9.80 കോടി രൂപയുടെ നഷ്ടമുണ്ടായി.
38 ദുരിതാശ്വാസ ക്യാംപുകൾ അടച്ചു
വീടുകളിലെ വെള്ളം ഒഴിഞ്ഞതോടെ ജില്ലയിലെ 38 ദുരിതാശ്വാസ ക്യാംപുകൾ അടച്ചു. 421 കുടുംബങ്ങളിലെ 1,793 പേരെ തിരികെ വീടുകളിലെത്തിച്ചു. നിലവിൽ 91 കുടുംബങ്ങളിലെ 253 പേർ 10 ക്യാംപുകളിലായി കഴിയുന്നുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള ഇടങ്ങളിലുള്ളവരാണു കൂടുതലും ക്യാംപുകളിൽ കഴിയുന്നത്. ചിറ്റൂർ, ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്കുകളിൽ മാത്രമാണു ക്യാംപുകൾ ഉള്ളത്. പട്ടാമ്പി, പാലക്കാട്, ആലത്തൂർ താലൂക്കുകളിലെ ക്യാംപുകൾ എല്ലാം അടച്ചു.
ഡാം തുറക്കണോ ? യോഗം ചേരും
മഴ ശക്തമായാൽ ഡാമുകളുടെ ഷട്ടർ തുറക്കുന്നതു പരിശോധിക്കാൻ അടിയന്തര യോഗം ചേരുമെന്നു കലക്ടർ അറിയിച്ചു. ഏതു സമയത്തും തയാറായിരിക്കാൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ, പോത്തുണ്ടി, മംഗലംഡാം, മീങ്കര ഡാമുകളുടെ ഷട്ടറുകളാണു നിലവിൽ തുറന്നിട്ടുള്ളത്. മലമ്പുഴ, വാളയാർ, ചുള്ളിയാർ ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്ന കാര്യമാണു പരിശോധിക്കുക.
ഡാമുകളിലെ ജലനിരപ്പ് മീറ്ററിൽ (നിലവിലെ ജലനിരപ്പ്, പരമാവധി സംഭരണശേഷി, കഴിഞ്ഞ വർഷം ഇതേ സമയത്തെ ജലനിരപ്പ് എന്ന ക്രമത്തിൽ)
മലമ്പുഴ: 112.67, 115.06, 109.40
കാഞ്ഞിരപ്പുഴ: 95.83, 97.50, 93.50
വാളയാർ: 190.21, 203, 200.04
ചുള്ളിയാർ: 151.74, 154.08, 144.20
മീങ്കര: 155.84, 156.36, 150.84
പോത്തുണ്ടി: 106.90, 108.4, 98.02
മംഗലംഡാം: 77.30, 77.88, 71.30