മാസങ്ങളായി തിരിഞ്ഞു നോക്കാതെ ഉടമസ്ഥർ; കാറ്റിലും മഴയിലും നശിക്കുന്നത് 700 ഇരുചക്ര വാഹനങ്ങൾ, 10 കാറുകൾ
Mail This Article
കോയമ്പത്തൂർ ∙ നഗരത്തിലെ അംഗീകൃത പാർക്കിങ് സ്ഥലങ്ങളിൽ ഉടമസ്ഥർ മാസങ്ങളായി തിരിഞ്ഞു നോക്കാതെ, കാറ്റിലും മഴയിലും നശിക്കുന്നത് 700 ഇരുചക്ര വാഹനങ്ങൾ. സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സ്റ്റാലിനാണ് നഗരത്തിലെ പാർക്കിങ് കേന്ദ്രങ്ങൾ നടത്തുന്നവരെ വിളിച്ചു വരുത്തി വിവരങ്ങൾ തേടിയത്. പാർക്കിങ് കേന്ദ്രം ഉടമകൾ പാലിക്കേണ്ട കാര്യങ്ങൾ നിർബന്ധമായും ഉറപ്പാക്കണമെന്ന് യോഗത്തിൽ ഡിസി ആവശ്യപ്പെട്ടു.വാഹനങ്ങൾ നിർത്തുന്നവരുടെ പേരും വിലാസവും ഫോൺ നമ്പറും അടക്കമുള്ള റജിസ്റ്റർ പരിപാലിക്കണം. പാർക്കിങ് കേന്ദ്രത്തിലേക്ക് വാഹനങ്ങൾ വരുന്നതും പോകുന്നതുമായ പാതകളിലെ ദൃശ്യങ്ങൾ സിസിടിവിയിൽ സൂക്ഷിക്കണമെന്നും നിർദേശം നൽകി.
നിലവിൽ അംഗീകൃത പാർക്കിങ് സ്ഥലത്ത് 3 മാസം മുതൽ ഒരു വർഷം കഴിഞ്ഞും വാഹനങ്ങൾ കൊണ്ടുപോകാതെ സൂക്ഷിച്ചിരിക്കുന്ന 700 ഇരുചക്ര വാഹനങ്ങളുടെയും 10 കാറുകളുടെയും ഉടമസ്ഥരെ കണ്ടെത്തി വാഹനങ്ങൾ തിരിച്ചേൽപ്പിക്കണം. ഉടമസ്ഥർ എത്താത്ത വാഹനങ്ങൾ പൊലീസിൽ ഏൽപ്പിക്കണം. കോയമ്പത്തൂർ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, ബഹുനില കച്ചവടസ്ഥാപനങ്ങൾ തുടങ്ങിയവയിൽ മണിക്കൂറുകൾക്ക് നല്ല തുക ഈടാക്കുമ്പോഴാണ് വാഹനങ്ങൾ മാസങ്ങളോളം ഉടമസ്ഥർ ഉപേക്ഷിച്ച് മടങ്ങുന്നത്.കവർച്ച ചെയ്തതും ഫിനാൻസ് ഉടമകൾ പിടിച്ചെടുത്തതുമായ വാഹനങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലാണ്.
വാഹന ഉടമസ്ഥനെ കണ്ടെത്തിയാലും പാർക്കിങ് ഫീസ് അതിനേക്കാളേറെ ഉയരും എന്നതിനാൽ ആരൊക്കെ തിരിച്ചെടുക്കുമെന്ന് വ്യക്തമല്ല. ഈ മാസത്തിനുള്ളിൽ വാഹനം തിരിച്ചെടുക്കാത്തവർക്ക് പൊലീസുമായി നേരിട്ട് ബന്ധപ്പെട്ടാൽ മാത്രമേ വാഹനം തിരികെ ലഭിക്കാൻ സാധ്യതയുള്ളൂ.